jaspreet-bumrah
jaspreet bumrah

സിഡ്നി : ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ജസ്‌പ്രീത് ബുംറയെ ആസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ഒഴിവാക്കി. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തി.ന്യൂസിലൻഡിനെതിരായ ട്വന്റി - 2 പരമ്പരയിൽ പേസർ സിദ്ധാർത്ഥ് കൗളിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തമാസം ഇന്ത്യൻ മണ്ണിലേക്ക് ട്വന്റി - 20, ഏകദിന പര്യടനത്തിനെത്തുന്ന ആസ്ട്രേലിയയെ നേരിടുന്നതിനുള്ള മുന്നൊരുക്കമായി ബുംറയ്ക്ക് വിശ്രമം നൽകിയിരിക്കുകയാണെന്ന് ബി.സി.സി.ഐ അറിയിച്ചു. ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ വീഴ്ത്തി ആസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനൊപ്പം ബുംറ ടോപ് വിക്കറ്റ് ടേക്കറായിരുന്നു. പേസർമാർക്ക് മതിയായ വിശ്രമം നൽകി ജോലിഭാരം ക്രമീകരിക്കണമെന്ന നായകൻ വിരാട് കൊഹ്‌ലിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബുംറയ്ക്ക് വിശ്രമം അനുവദിച്ചത്.

ആസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് മൂന്ന് ഏകദിനങ്ങൾ കൂടിയാണുള്ളത്. ഇതിൽ ആദ്യത്തേത് ശനിയാഴ്ച സിഡ്നിയിൽ നടക്കും. തുടർന്ന് ന്യൂസിലൻഡിലേക്ക് പോകുന്ന ഇന്ത്യൻ ടീം അവിടെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി - 20 കളും കളിക്കും. ഫെബ്രുവരി - മാർച്ച് മാസങ്ങളിലായി ഇന്ത്യയിലെത്തുന്ന ആസ്ട്രേലിയയുമായി അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി - 20 കളുമാണ് നിശ്ചയിച്ചിരിക്കുന്നത്.