national-strike-

തിരുവനന്തപുരം: നേതാക്കൾ പറഞ്ഞതെല്ലാം പാഴ് വാക്കുകളായി. സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹർത്താൽ മട്ടിലായി. എങ്ങോട്ടും പോകാനാവാതെ ജനം നട്ടംതിരിയുകയാണ്. പമ്പ സർവീസുകൾ ഒഴികെ കെ.എസ്.ആർ.ടി.സി ഒറ്റ ബസും ഇന്നലെ നിരത്തിലിറക്കിയില്ല. ട്രെയിൻ ഗതാഗതവും താറുമാറായി. പല സ്റ്റേഷനുകളിലും ട്രെയിനുകൾ തടഞ്ഞതുമൂലം ലക്ഷ്യസ്ഥലത്തെത്താനാവാതെ യാത്രക്കാർ വലഞ്ഞു.

സ്വകാര്യ വാഹനങ്ങൾ ഓടിയെങ്കിലും മറ്റൊരു വാഹനവും നിരത്തിലിറങ്ങിയില്ല. മിക്ക സ്ഥലങ്ങളിലും കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. നിർബന്ധിച്ച് കടകൾ അടപ്പിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും പല ജില്ലകളിലും തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾ സമരക്കാർ ബലംപ്രയോഗിച്ച് അടപ്പിച്ചു. കായംകുളത്ത് കട തുറന്നു പ്രവർത്തിപ്പിച്ച ഫർണിച്ചർ വ്യാപാരിയെ ഒരു സമരസമിതി നേതാവ് മർദ്ദിച്ചു. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പല സ്ഥലത്തും തുറന്ന കടകൾ നിർബന്ധിച്ച് അടപ്പിച്ചു.

5000 ത്തിനടുത്ത് ഉദ്യോഗസ്ഥരുള്ള സെക്രട്ടേറിയറ്റിൽ എത്തിയത് 125 ഓളം പേർ മാത്രം. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരാരും ഓഫീസിൽ എത്തിയില്ല. സർവകലാശാല, വികാസ് ഭവൻ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽ ഹാജർനില ശുഷ്കമായി. മലപ്പുറത്ത് മഞ്ചേരിയിൽ തുറന്നു പ്രവർത്തിച്ച കുറെ കടകൾ സമരാനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. വീണ്ടും സ്ഥാപനങ്ങൾ തുറന്നപ്പോൾ സമരക്കാർ തടയാനെത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. കൊച്ചി തുറമുഖത്തും ഐ.ഒ.സി പ്ളാന്റിലും ജോലിക്കെത്തിയ തൊഴിലാളികളെ സമരക്കാർ തടഞ്ഞു.