ശിവഗിരി: ശ്രീനാരായണഗുരു പിൽഗ്രിം ടൂറിസം സർക്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനത്തിന് കേന്ദ്ര ടൂറിസം മന്ത്റാലയം ശിവഗിരി മഠത്തിന് 70 കോടി രൂപ അനുവദിച്ച് ഉത്തരവായി. ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ ക്ഷേത്രം, അരുവിപ്പുറം മഠം എന്നീ തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ഈ തുക വിനിയോഗിക്കും.

സോളാർ പ്ലാന്റ്, ബാറ്ററി കാറുകൾ, ക്രാഫ്റ്റ്ബസാർ, ആംഫി തിയേറ്റർ, സ്കൈവാക്ക്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, കുടിവെള്ള പ്ലാന്റുകൾ, ഗുഹകളുടെയും നദീതീരത്തിന്റെയും നവീകരണം, വാട്ടർഫൗണ്ടൻ, കമ്മ്യൂണിറ്റിഹാൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ തുടങ്ങിയവ പദ്ധതിയിൽ ഉണ്ടാകും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് (ഐ.ടി.ഡി.സി) പദ്ധതി നിർവഹണ ഏജൻസി. മൂന്നു വർഷത്തിനകം പൂർത്തിയാക്കും. കേന്ദ്ര ടൂറിസം മന്ത്റാലയത്തിന്റെ പ്രോജക്ട് ഓഫീസ് ഉടൻ ശിവഗിരിയിൽ ആരംഭിക്കും. ഡൽഹിയിലെ ഉദ്യോഗസ്ഥർ നേരിട്ട് മേൽനോട്ടം വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ എന്നിവർ പ്രധാനമന്ത്റിക്ക് നേരിട്ട് നൽകിയ നിവേദനവും പദ്ധതി രൂപരേഖയും ടൂറിസം മന്ത്റാലയം അംഗീകരിച്ച് അനുമതി നൽകുകയായിരുന്നു.

ഒന്നര വർഷമായി ശിവഗിരി മഠത്തിന്റെയും ബന്ധപ്പെട്ടവരുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി പ്രധാനമന്ത്റി നരേന്ദ്രമോദി പ്രത്യേക താത്പര്യമെടുത്താണ് പ്രോജക്ട് യാഥാർത്ഥ്യമാക്കിയതെന്ന് സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.