strike

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനം തലസ്ഥാന ജില്ലയിൽ ഹർത്താൽ പ്രതീതി. ഹർത്താലുകൾ പോലെ പണിമുടക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് നേതാക്കൾ പറഞ്ഞിരുന്നത്. വാഹനങ്ങൾ തടയില്ലെന്നും കടകൾ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്നുമുള്ള ഉറപ്പ് പാലിക്കപ്പെട്ടില്ല. ശ്രീചിത്ര, ആർ.സി.സി, മെഡിക്കൽകോളേജ് എന്നിവിടങ്ങളിലേക്ക് പോകാനായി എത്തിയവർക്ക് പൊലീസ് വാഹനങ്ങൾ മാത്രമായിരുന്നു ആശ്രയം.

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ടാക്സികളും ആട്ടോകളും വിരളമായിരുന്നു. അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ സർവീസ് നടത്തിയ ആട്ടോ, ടാക്‌സികൾ സമരാനുകൂലികൾ തടയുകയും ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ ട്രെയിനുകളും തടഞ്ഞു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ഉടമകൾ ഭൂരിഭാഗവും തയ്യാറായില്ല. ഇന്നും ഇതേ സാഹചര്യം തുടരാനാണ് സാദ്ധ്യത.
ജില്ലയിൽ രണ്ടിടത്തായി അഞ്ച് തീവണ്ടികൾ ഇന്നലെ തടഞ്ഞു. തമ്പാനൂരിൽ പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്സ്‌പ്രസ് ഒന്നര മണിക്കൂറോളം സ്‌റ്റേഷനിൽ തടഞ്ഞിട്ടു. തുടർന്ന് രപ്‌തിസാഗർ, ജനശതാബ്ദി എക്സ്‌പ്രസുകളും നാഗർകോവിൽ പാസഞ്ചറും അരമണിക്കൂറിലേറെ തടഞ്ഞിട്ടു. വർക്കലയിൽ നേത്രാവതി എക്സ്‌പ്രസാണ് അരമണിക്കൂറോളം തടഞ്ഞത്. വർക്കല റെയിൽവേസ്‌റ്റേഷന് മുൻവശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടപ്പിക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിലും ഉന്തുംതള്ളിലും കലാശിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും കടകൾ അടപ്പിക്കുകയും ആട്ടോകളെ വ്യാപകമായി തടയുകയും ചെയ്തു. മണക്കാട്, തമ്പാനൂർ, കഴക്കൂട്ടം തുടങ്ങി പലഭാഗത്തും സമരാനുകൂലികൾ ആട്ടോകളും ടാക്സികളും തടഞ്ഞു. വഴുതക്കാട്, മെഡിക്കൽ കോളേജ്, കിഴക്കേകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ സമരാനുകൂലികൾ കടകൾ അടപ്പിച്ചു. മണ്ണന്തല ഗവ. പ്രസിൽ ജോലിക്കെത്തിയ ബി.എം.എസ് സംഘടനയിലെ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. പൗവർഹൗസ് റോഡിൽ കട ബലംപ്രയോഗിച്ച് അടപ്പിക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കരിക്കകം പാട്ടുവിളാകത്ത് ശ്രീകണ്ഠനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
ഭൂരിഭാഗം സ്‌കൂളുകളും തുറന്നില്ല. സർക്കാർ ഓഫീസുകളിലും പൊതുമേഖല ബാങ്കുകളിലും ഹാജർനില കുറവായിരുന്നു. ചില ബാങ്കുകൾ രാവിലെ തുറന്നെങ്കിലും ജീവനക്കാരില്ലാത്തതിനാൽ അടയ്ക്കുകയായിരുന്നു. സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങൾ പലതും തുറന്ന് പ്രവർത്തിച്ചില്ല.


 സർക്കാർ ഓഫീസുകൾ നിശ്ചലം

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ഇന്നലെ എത്തിയില്ല. 4860 ജീവനക്കാരിൽ 110 പേർ മാത്രമാണ് പണിമുടക്കിന്റെ ആദ്യ ദിവസം സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത്. 12 ഡയറക്ടറേറ്റ് ഉൾപ്പെടെ 23 ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ് ഭവനിൽ 1974 ജീവനക്കാരിൽ ഗസറ്റഡ് ഓഫീസർമാരുൾപ്പെടെ 54 പേർ മാത്രാണ് ഹാജരായത്. 400 ഓളം ജീവനക്കാരുള്ള ആരോഗ്യവകപ്പ് ഡയറക്ടറേറ്റും പ്രവർത്തിച്ചില്ല. ഹൗസിംഗ് ബോർഡ് കെട്ടിടത്തിലെ എല്ലാ സർക്കാർ ഓഫീസുകളും അടഞ്ഞ് കിടന്നു. പി.എസ്.സിയിലും അമ്പതിൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ജീവനക്കാരില്ലാത്തതിനാൽ മൃഗശാലയും സന്ദർശകർക്കായി തുറന്ന് കൊടുത്തില്ല.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളികളും ആദ്യമായി പണിമുടക്കിൽ പങ്കെടുത്തു. പല വിമാനങ്ങളും പുറപ്പെടാൻ അഞ്ചു മുതൽ പതിനഞ്ച് മിനിട്ടോളം വൈകി. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌‌ലിംഗ്, കാർഗോ വിഭാഗത്തിലെ ജീവനക്കാരാണ് കൂടുതലും സമരത്തിൽ പങ്കാളിയായത്. വിവിധ വിഭാഗങ്ങളിലുള്ള അഞ്ഞൂറോളം കരാർ തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തതെന്ന് തൊഴിലാളി നേതാക്കൾ അറിയിച്ചു. എയർപോർട്ട് അതോറിട്ടിയുടെ ചില ജീവനക്കാരും സമരത്തിന്റെ ഭാഗമായി.