തിരുവനന്തപുരം:കാക്കിയുടെ ബലത്തിൽ കൈത്തരിപ്പ് കാട്ടുന്ന പൊലീസുദ്യോഗസ്ഥർക്കുള്ള സർക്കാരിന്റെ മുന്നറിയിപ്പാണ്, ശിക്ഷാനടപടി നേരിട്ടാൽ സ്ഥാനക്കയറ്റം തടയുമെന്ന നിയമഭേദഗതി. 14 വർഷംമുൻപ് ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന സംഭവത്തിനുശേഷവും മൂന്നു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. നാലുപേരുടെ മരണം പൊലീസ് ഒതുക്കി.ലോക്കപ്പിലിട്ട് ആളെക്കൊല്ലുന്നവർക്കും ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാമെന്നതാണ് സ്ഥിതി. സസ്പെൻഷൻ കഴിയുമ്പോൾ 95ശതമാനം പൊലീസുകാരെയും തിരിച്ചെടുക്കുന്നതാണ് രീതി. ഇവർക്ക് ക്രമസമാധാനപാലനചുമതല നൽകുകയും ഗുരുതരമായ ചാർജ്ജ്‌മെമ്മോ നൽകാതെ രക്ഷിച്ചെടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള 950ലേറെ പൊലീസുകാർ ഇപ്പോഴും കാക്കിയിട്ട് വിലസുകയാണ്. കൃത്യനിർവഹണത്തിലെ വീഴ്ചയുടെ പേരിൽ മൂന്നു ഡസനോളം പൊലീസുകാർ സസ്പെൻഷനിലാണ്. എസ്.ഐമാർ അടക്കം ഇരുപതിലേറെപ്പേർ കേസുകളിൽ പ്രതികളായി.
കുറ്റവാളികളോട് കർക്കശ സമീപനം വേണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തുവിവരം ലഭിച്ചാലും അന്വേഷിക്കാതെ വിടരുത്. ജനങ്ങളോട് തട്ടിക്കയറരുത്, ബലപ്രയോഗം പാടില്ല. സ്റ്റേഷനുകളിൽ ലഭിക്കുന്ന എല്ലാ വസ്തുതാപരമായ വിവരപ്രകാരവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കണം. സ്ത്രീസുരക്ഷയ്ക്ക് മുൻഗണന നൽകണം തുടങ്ങിയ നിർദ്ദേശങ്ങളും സേനയ്ക്ക് സർക്കാർ നൽകിയിട്ടുണ്ട്.
20%
പൊലീസുകാർക്ക് മാഫിയകളുമായും ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധം
70%
അറസ്റ്റും നിയമവിരുദ്ധമാണെന്ന് ഡി.ജി.പി ബി.എസ്.മുഹമ്മദ് യാസിൻ
''സേനയ്ക്കുള്ള സന്ദേശമാണിത്. ജനങ്ങളോട് മാന്യമായി പെരുമാറണം. തെറ്റായ നിലപാടുകളും നിയമവിരുദ്ധ ഇടപെടലുകളും പാടില്ല. അച്ചടക്കനടപടിയുണ്ടായാൽ പ്രശ്‌നമാണെന്ന ഓർമ്മവേണം''
എം.വി.ജയരാജൻ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി