strike

തിരുവനന്തപുരം: പണിമുടക്കിയവർ വ്യാപകമായി തടഞ്ഞതോടെ ട്രെയിൻ ഗതാഗതം താറുമാറായി. തിരുവനന്തപുരം ഡിവിഷനിൽ വർക്കല, കൊല്ലം, കോട്ടയം, ചേർത്തല, ആലപ്പുഴ, ഇരിങ്ങാലക്കുട, ചെങ്ങന്നൂർ എന്നിവിടങ്ങളിലും പാലക്കാട് ഡിവിഷനിൽ ഷൊർണൂർ, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിലും ട്രെയിൻ തടഞ്ഞു. എറണാകുളം - കായംകുളം റൂട്ടിൽ പാസഞ്ചർ സർവീസുകളിൽ രണ്ടെണ്ണം റദ്ദാക്കി. ഷൊർണൂരിലേക്കുള്ള വേണാടിന് എറണാകുളത്ത്‌ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. അരമണിക്കൂർ മുതൽ രണ്ടര മണിക്കൂർ വരെ വൈകിയാണ് സംസ്ഥാനത്ത് ട്രെയിനുകൾ സർവീസ് നടത്തിയത്. ഇന്നും ട്രെയിനുകൾ തടയുമെന്ന ആശങ്കയുണ്ട്.

കെ.എസ്.ആർ.ടി.സിയും ടാക്സി, ആട്ടോറിക്ഷ സർവീസുകളും നിറുത്തിവച്ചതോടെ ട്രെയിൻ ഗതാഗതം മാത്രമായിരുന്നു പൊതുജനങ്ങൾക്ക് ആശ്രയം. രാവിലെ അഞ്ചിന് തിരുവനന്തപുരം സെൻട്രലിൽ വേണാട് എക്സ്‌പ്രസ് തടഞ്ഞുകൊണ്ടാണ് ട്രെയിൻ തടയൽ സമരം തുടങ്ങിയത്. ഇതോടെ രണ്ടുമണിക്കൂറോളം വൈകി ആറേമുക്കാലിനാണ് വേണാട് പുറപ്പെട്ടത്. പിന്നാലെ കോഴിക്കോട്ടേക്കുള്ള ജനശതാബ്ദിയും പിന്നാലെയുള്ള രപ്തിസാഗറും മുക്കാൽ മണിക്കൂറോളം പുറപ്പെടാൻ വൈകി. പരശുറാം, ശബരി, മുംബയ് ജയന്തി, നേത്രാവതി, കേരള എക്സ്‌പ്രസ്, ബാംഗ്ളൂർ ഐലൻഡ് എക്സ് പ്രസ് തുടങ്ങിയവയും പുറപ്പെടാൻ വൈകി.

തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന മലബാർ, ഏറനാട്, ഇന്റർസിറ്റി, മുംബയ് ജയന്തി തുടങ്ങിയ ട്രെയിനുകളും പാസഞ്ചറുകളും സമരക്കാർ തടഞ്ഞിട്ടതോടെ ട്രെയിൻ ഗതാഗതം ഇന്നലെ പൂർണമായി താളംതെറ്റി. രാത്രിവരെ ഒരുമണിക്കൂറോളം വൈകിയാണ് പല ട്രെയിനുകളും എത്തിയത്. ചെങ്ങന്നൂരിൽ കേരള എക്സ് ‌പ്രസും വർക്കലയിൽ നേത്രാവതിയും ഇരിങ്ങാലക്കുടയിൽ എക്സിക്യൂട്ടിവും കോട്ടയത്ത് പാസഞ്ചർ ട്രെയിനും ആലപ്പുഴയിൽ ധൻബാദ്, ഏറനാടും കൊല്ലത്ത് മംഗലാപുരം - നാഗർകോവിൽ ട്രെയിനുമാണ് തടഞ്ഞത്.

വൈകിട്ട് തിരുവനന്തപുരത്തുനിന്ന് വഞ്ചിനാട് ഒന്നേമുക്കാൽ മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.