bypass-kollam

തിരുവനന്തപുരം: കൊല്ലം ബൈപാസ് തുറന്നുകൊടുക്കുമ്പോൾ രാഷ്ട്രീയ വിവാദവും ഉയരുന്നു.ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ജനുവരി 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ഉറപ്പായിരിക്കുന്നു.

സംസ്ഥാന സർക്കാർ നേരത്തെ നിശ്ചയിച്ച ഉദ്ഘാടന ചടങ്ങിൽ സ്ഥലം എം.പി എൻ.കെ.പ്രേമചന്ദ്രനെ ഒഴിവാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. പ്രേമചന്ദ്രൻ താത്പര്യമെടുത്താണ് പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതെന്ന ആരോപണവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് താത്പര്യം പ്രകടിപ്പിച്ച് കത്ത് ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി.

മുടങ്ങിക്കിടന്ന ബൈപാസിന്റെ പ്രവർത്തനങ്ങൾ കുറെയൊക്കെ കാര്യക്ഷമമാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്.സംസ്ഥാന സർക്കാർ 50 ശതമാനം തുക വഹിക്കണമെന്ന കേന്ദ്രനിർദ്ദേശം ഉമ്മൻചാണ്ടി സർക്കാർ അംഗീകരിക്കുകയായിരുന്നു.

നിർമാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ഇടതു സർക്കാരും തുടർന്നു. നിർമാണ വസ്തുക്കൾ ലഭ്യമാക്കുന്നതിലടക്കം മുൻകൈ എടുത്തു പ്രവർത്തിച്ചത് മന്ത്രി ജി.സുധാകരനാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെ പിന്തുണ നേടിയെടുക്കാനും സർക്കാരിന് കഴിഞ്ഞു.എം.പി എന്നനിലയിൽ എൻ.കെ.പ്രേമചന്ദ്രൻ കേന്ദ്രത്തിൽ ചെലുത്തിയ സമ്മർദ്ദവും കാര്യങ്ങൾക്ക് ആക്കം കൂട്ടി.