തിരുവനന്തപുരം: രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ വിദേശ കുത്തകകൾക്ക് അടിയറ വയ്ക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം വിദേശ കമ്പനികൾക്ക് തൂക്കി വിൽക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി സംഘടിപ്പിച്ച മാർച്ചിന് ശേഷം ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കൾക്കും തൊഴിലില്ലാതാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ഓരോ ദിവസവും നടത്തുന്നത്. അദ്ധ്വാനിക്കുന്നവന്റെ ജീവിത സൗകര്യങ്ങൾ എല്ലാം കവർന്നെടുത്ത് കുത്തകകളെ പ്രീതിപ്പെടുത്താനാണ് മോദി സർക്കാരിന്റെ ശ്രമം. തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്ന് സർക്കാരിന്റെ ഏകാധിപത്യ നിലപാട് അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പണിമുടക്കെന്നും ആനത്തലവട്ടം പറഞ്ഞു.
കേന്ദ്രസർക്കാരിന് തൊഴിലാളികളോട് ശത്രുതാ മനോഭാവമാണ് ഉള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.
പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, വിവിധ സംഘടനാ നേതാക്കളായ ഡോ. നീലലോഹിതദാസൻ നാടാർ, കോലിയക്കോട് കൃഷ്ണൻ നായർ, ജെ. വേണുഗോപാലൻ നായർ, എം.ജി. രാഹുൽ, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, എം. വിജയകുമാർ, ജി. സുഗുണൻ, കവടിയാർ ധർമ്മൻ, വി.കെ. സദാനന്ദൻ, സോണിയ ജോർജ്, ചാൾസ് ജോർജ്, മാഹിൻ അബുബക്കർ, വി.ആർ. പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു. വി. ശിവൻകുട്ടി സ്വാഗതം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്ന് തുടങ്ങി സ്റ്റാച്യുവിൽ സമാപിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.