ponkala

തിരുവനന്തപുരം: പൊങ്കാലയ്‌ക്കെത്തുന്ന ഭക്തരുടെ എണ്ണത്തിലെ വർദ്ധനവിൽ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി ആറ്റുകാൽ ദേവീ ക്ഷേത്രം. നിശ്ചിത കിലോമീറ്റർ ദൂരത്തിൽ ഒരു ദിവസം പ്രത്യേക സമയത്ത് ലക്ഷോപലക്ഷം ഭക്തർ ഒത്തുകൂടുന്നത് പരിഗണിച്ച് ക്ഷേത്ര ട്രസ്റ്റിന് മുമ്പ് ലോക റെക്കോർഡ് ലഭിച്ചിട്ടുണ്ട്. ഭക്തരുടെ എണ്ണത്തിലെ വർദ്ധനയുടെ അടിസ്ഥാനത്തിൽ ഇത് പുതുക്കുന്നതിന് ഗിന്നസ് അധികൃതർക്ക് ക്ഷേത്ര ട്രസ്റ്റ് അപേക്ഷ സമർപ്പിച്ചു. 1999 ലാണ് ആറ്റുകാൽ പൊങ്കാല ലോക റെക്കോർഡ് സ്വന്തമാക്കിയത്. 15 ലക്ഷം സ്ത്രീകൾ പങ്കെടുത്തതിന്റെ പേരിലായിരുന്നു ഇത്. 2006ൽ ഇത് പുതുക്കി. ഭക്തരുടെ എണ്ണം 25 ലക്ഷമാക്കി. സ്ഥിരമായി പൊങ്കാല സമർപ്പിക്കാനെത്തുന്ന ആറ്റുകാൽ ദേവീ ഭക്തയായ വിദേശി ജാനറ്റിന്റെ ഇടപെടലാണ് ലോക റെക്കോർഡ് ലഭിക്കാൻ നിർണായക ഇടപെടൽ നടത്തിയത്. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലങ്ങളിൽ അടുപ്പുകൂട്ടണമെന്ന നിർദേശം നൽകാനുള്ള ഒരുക്കത്തിലാണ് ട്രസ്റ്റ്.