കല്ലമ്പലം: സ്വന്തമായി വീടില്ലാത്തതിനാൽ ദുരിതത്തിലായിരുന്ന ഗിരീശന്റെ വീടെന്ന സ്വപ്നത്തിന് കുടുംബശ്രീയുടെ കരുത്തിൽ ചിറക് മുളച്ചു. നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ യു.പി സ്കൂളിന് സമീപം ടാർപോളിന് കീഴിൽ കഴിഞ്ഞു വരുന്ന ഗിരീശനും കുടുംബത്തിനുമാണ് കുടുംബശ്രീ തണലായത്. കുടുംബശ്രീ അംഗങ്ങൾ ആഴ്ചയിൽ ഒരാൾ വീതം നൽകുന്ന 2 രൂപ വച്ച് 17 വാർഡുകളിലെ 250 ഓളം യൂണിറ്റുകൾ സ്വരൂപിച്ച തുകയാണ് ഭവന നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഗിരീശനും ഭാര്യ ഉഷയും രോഗികളാണ്. ഒൻപതാം ക്ളാസ് വിദ്യാർത്ഥി അജീഷും, ഏഴാം ക്ളാസ് വിദ്യാർത്ഥി അശ്വതിയും മക്കളാണ്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ പ്രളയകാലത്ത് മാദ്ധ്യമങ്ങളിൽ വന്നതോടെ ബി. സത്യൻ എം.എൽ.എയും, പിന്നണി ഗായിക കെ.എസ് ചിത്രയും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഇവർക്കായി സഹായങ്ങൾ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് രഘുവിന്റെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസ് യോഗം ചേർന്ന് സ്നേഹനിധി ഫണ്ടിൽ നിന്നും ധനസഹായം നൽകാൻ തീരുമാനിച്ചു. ഇതു കൂടാതെ ഭവന പദ്ധതിയിൽ നിന്നും നാലു ലക്ഷം രൂപ കൂടി നൽകും. പഞ്ചായത്ത് ചുമതലപ്പെടുത്തിയ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയായിരിക്കും നിർമാണം. സർക്കാർ വാങ്ങി നൽകിയ ഭൂമിയിൽ ഭവന നിർമ്മാണത്തിന് സത്യൻ എം.എൽ.എ കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഷീബ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. സുഗതൻ, എം. അനികുമാർ, മറ്റ് ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.