arpo-athavavam

കൊച്ചി: സ്ത്രീകൾക്കെതിരായ ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാം എന്ന് പ്രഖ്യാപിച്ച് 12,13 തീയതികളിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന 'ആർപ്പോ ആർത്തവം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന ദ്വിദിന നവോത്ഥാന സദസിൽ പ്രശസ്ത തമിഴ് സംവിധായകൻ പാ രഞ്ജിത്, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ആനി രാജ, ബിനാലെ ക്യൂറേറ്റർ അനിത ദുബെ തുടങ്ങിയവർ പങ്കെടുക്കും.

ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കും. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നവംബർ 25ന് ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു. ഒരു പകൽ നീണ്ട പൊതുപരിപാടിയും റാലിയുമാണ് അന്ന് നടന്നത്. സവർണ എതിർപ്പിനെ മറികടന്ന് പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് നയിക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ ചിത്രമാണ് ആർപ്പോ ആർത്തവത്തിന്റെ ലോഗോ. ദളിത് ചിന്തകൻ സണ്ണി എം. കപിക്കാടാണ് ലോഗോ അനാഛാദനം ചെയ്തത്.

പാ രഞ്ജിത്തിന്റെ സ്വന്തം സംഗീത ബാൻഡായ 'കാസ്റ്റ്‌ലെസ് കളക്ടീവ്' ആദ്യമായി കേരളത്തിൽ കലാപ്രകടനം നടത്തും. ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു, കൗസല്യ, ശക്തി, എഴുത്തുകാരി കെ.ആർ മീര, സാമൂഹ്യ പ്രവർത്തക കെ. അജിത, ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്, സുനിൽ പി. ഇളയിടം തുടങ്ങി പ്രമുഖർ സംസാരിക്കും. 12ന് രാത്രി മറൈൻഡ്രൈവിൽ രാത്രികാല ക്യാമ്പിനും സംഘാടകർ സൗകര്യമൊരുക്കുന്നുണ്ട്.