തിരുവനന്തപുരം സ്റ്റാച്യു എസ്.ബി.ഐ ട്രഷറി ശാഖാ ബാങ്ക് ആക്രമിക്കാൻ സമരാനുകൂലികൾ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിനു സമീപം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം. പണിമുടക്ക് അനുകൂലികൾ ബാങ്കിലെ കമ്പ്യൂട്ടറും ഫോണും അടിച്ചു തകർത്തു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമിതി അംഗവും ജി.എസ്.ടി കമ്മിഷണറേറ്റിൽ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗം ഇൻസ്‌പെക്ടറുമായ ഇ. സുരേഷ് ബാബു, യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും ഡെപ്യൂട്ടി കമ്മിഷണറേറ്റ് ഓഫീസിലെ ക്ളാർക്കുമായ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ബാങ്കിലെ സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ, പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് ഒഴിച്ചാൽ അറസ്റ്റ് നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെ പത്തേകാലോടെ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ബാങ്കിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. മാനേജർ സന്തോഷ് കരുണാകരന്റെ മുറിയിലെത്തിയ ഇവർ ബാങ്ക് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയുമായിരുന്നു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അക്രമം തടഞ്ഞ മാനേജരെ പണിമുടക്ക് അനുകൂലികൾ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. കന്റോൺമെന്റ് സ്‌റ്റേഷനിൽ മാനേജർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബാങ്കിലെത്തി വിവരങ്ങൾ ശേഖരിക്കുകയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ബാങ്കിലെ 52 ജീവനക്കാരിൽ നാലു പേർ മാത്രമാണ് പണിമുടക്കിയിരുന്നത്.
സംഭവത്തെ കുറിച്ച് സംയുക്ത സമരസമിതി അന്വേഷിക്കും. ആക്രമണങ്ങൾ സമരത്തിന്റെ ഭാഗമല്ല. ആരെയും നിർബന്ധിച്ച് സമരത്തിൽ പങ്കെടുപ്പിക്കരുതെന്നാണ് സമരസമിതിയുടെ നിലപാട്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ സമരത്തിന്റെ ഭാഗമല്ല. ഇതൊന്നും കൊണ്ട് സമരത്തിന്റെ ശോഭ കെടുത്താൻ കഴിയില്ല.
- കോടിയേരി ബാലകൃഷ്ണൻ
സി.പി.എം സംസ്ഥാന സെക്രട്ടറി