1

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിച്ച കേരളത്തിൽ ഇന്നലെയും ട്രെയിനുകൾ തടഞ്ഞു. തിരുവനന്തപുരം മുതൽ കണ്ണൂർവരെ വിവിധ സ്റ്റേഷനുകളിൽ തടഞ്ഞിട്ടതോടെ രോഗികൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു.

ആശുപത്രികളിൽ ഒാപറേഷനും മറ്റും നിശ്ചയിച്ച രോഗികളാണ് ഏറെ ദുരിതത്തിലായത്.

ഇന്നലെയും രാവിലെ വേണാട് എക്സ് പ്രസ് തിരുവനന്തപുരത്ത് തടഞ്ഞുകൊണ്ടായിരുന്നു തുടക്കം.

40 മിനിറ്റ് വൈകിയാണ് വേണാടും ശബരിയും പുറപ്പെട്ടത്. വേണാട് ചങ്ങനാശ്ശേരിയിൽ വീണ്ടും തടഞ്ഞു. മണിക്കൂറുകൾ വൈകിയാണ് എറണാകുളത്തെത്തിയത്.

കളമശ്ശേരിയിൽ നിലമ്പൂർ പാസഞ്ചറും എറണാകുളത്ത് പാലരുവിയും തടഞ്ഞിട്ടു. പാലക്കാട് - മംഗലാപുരം പാസഞ്ചർ ഷൊർണ്ണൂരിലും ചെന്നൈ - മംഗലാപുരം മെയിൽ കണ്ണൂരിലും തിരുവനന്തപുരം - മംഗലാപുരം പയ്യന്നൂരിലും തടഞ്ഞു. പാളത്തിൽ കുത്തിയിരുന്നവരെ അറസ്റ്റ് ചെയ്തുനീക്കി.റെയിൽവേ പൊലീസ് കേസെടുത്തു.

തിരുവനന്തപുരത്ത് രാവിലെ എത്തേണ്ടിയിരുന്ന ഇന്റർസിറ്റി, വഞ്ചിനാട്, ജയന്തി, ബാംഗ്ളൂർ - കൊച്ചുവേളി, മലബാർ, ഏറനാട് തുടങ്ങിയ ട്രെയിനുകൾ രണ്ടുമണിക്കൂറോളം വൈകി.