editorial-

ഉദ്ഘാടന തീയതിയെച്ചൊല്ലിയും ഉദ്ഘാടകനെച്ചൊല്ലിയും വിവാദങ്ങൾ കൊഴുക്കുമ്പോഴും പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന കൊല്ലം ബൈപാസ് ഗതാഗതത്തിനായി ഈ മാസം 15-ന് തുറന്നുകൊടുക്കാൻ പോകുന്നുവെന്ന വാർത്ത അത്യധികം സന്തോഷജനകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പാത ഉദ്ഘാടനം ചെയ്യുന്നത്.

നേരത്തെ സംസ്ഥാന സർക്കാർ ബൈപാസ് ഉദ്ഘാടനം ഫെബ്രുവരി 2-ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനച്ചടങ്ങിൽ കൊല്ലം എം.പിക്ക് പ്രാതിനിദ്ധ്യം ലഭിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. അതിനിടയിലാണ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടകനായി എത്തുന്നത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് വിവാദങ്ങൾ തുടരുമെങ്കിലും പണി പൂർത്തിയായ ബൈപാസ് ഒരു ദിവസമെങ്കിൽ ഒരു ദിവസം മുമ്പേ തുറന്നുകിട്ടുന്നത് നല്ല കാര്യം തന്നെ. കൊല്ലം നഗരത്തിരക്കിൽ വാഹനവുമായി ചെന്നുപെട്ടിട്ടുള്ളവരൊക്കെ ശപിച്ചു പോകുന്ന അവസ്ഥയ്ക്ക് പരിഹാരമാകും ഈ ബൈപാസ്. പതിറ്റാണ്ടുകളായി ഇതിനെക്കുറിച്ചു കേൾക്കാൻ തുടങ്ങിയിട്ട്. മാറി മാറി വന്ന സർക്കാരുകൾ ഇതിന്റെ പൂർത്തീകരണത്തിനായി ശ്രമം നടത്താത്തതല്ല. സംസ്ഥാനത്തിന്റെ സവിശേഷമായ കാരണങ്ങളാൽ നിർമ്മാണം പല അവസരങ്ങളിലും നിലച്ചുപോയി. ബൈപാസ് ഒടുവിൽ യാഥാർത്ഥ്യമാക്കിയതിനുള്ള ക്രെഡിറ്റ് ആർക്കും തനിച്ച് അവകാശപ്പെടാനാവില്ല. പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്വമുള്ളതുപോലെ തന്നെ ഇപ്പോഴെങ്കിലും അത് പൂർത്തിയാക്കാനായതിന്റെ ക്രെഡിറ്റും ഇരുപക്ഷത്തെയും സർക്കാരുകൾക്ക് അവകാശപ്പെട്ടതു തന്നെയാണ്.

നിലവിലുള്ള എൻ.എച്ച്. 47-ന് സമാന്തരമായി മേവറം - അയത്തിൽ - കല്ലുംതാഴം, കടവൂർ, ആൽത്തറമൂട് വഴി കാവനാടു വരെ 13.14 കിലോമീറ്റർ ദൈർഘ്യം വരുന്ന ബൈപാസിന്റെ പണി പണ്ടേ തീരേണ്ടതായിരുന്നു. പല ഘട്ടങ്ങളിലായി പണി മുടങ്ങിയതിനാലാണ് പദ്ധതി പൂർത്തിയാകാൻ ഏറെ കാലം വേണ്ടിവന്നത്. സംസ്ഥാനത്ത് ഏതു പദ്ധതികളുടെ നടത്തിപ്പിലും കൂടക്കൂടെ തടസങ്ങളുണ്ടാകുന്നത് സാധാരണമാണ്. തടസങ്ങളുടെ കാരണം കണ്ടെത്തി അപ്പപ്പോൾ പരിഹാര നടപടികൾ സ്വീകരിക്കുന്നതിൽ പുലർത്തുന്ന വീഴ്ചയോ അലംഭാവമോ ആണ് അവ അനന്തമായി നീളാൻ കാരണം. സർക്കാർ കാര്യം മുറപോലെ എന്ന ശൈലി വികസന പദ്ധതികളുടെ കാര്യത്തിൽ സ്വീകരിക്കരുതാത്തതാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തുല്യമായി പണം മുടക്കിയാണ് ബൈപാസ് നിർമ്മാണം പൂർത്തിയാക്കിയത്. നിർമ്മാണം അനിശ്ചിതമായി നീളാതിരുന്നെങ്കിൽ ചെലവും ഗണ്യമായി കുറയ്ക്കാമായിരുന്നു. സംസ്ഥാനത്തെ പാത വികസന പദ്ധതിയുടെ കാര്യത്തിൽ മരാമത്തു വകുപ്പു മന്ത്രി ജി. സുധാകരൻ കാണിക്കുന്ന സവിശേഷ താത്‌പര്യത്തിന്റെ ഫലമായി പ്രശംസാർഹമായ പുരോഗതി ഈ രംഗത്ത് ഇപ്പോൾ കാണാനുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മുഖ്യ അജണ്ടയാക്കിയിട്ടുള്ള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും സംസ്ഥാനത്തെ പാതവികസന പദ്ധതികളോട് ഏറെ അനുഭാവമുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംസ്ഥാനത്തെ പല പാത വികസന പദ്ധതികളെയും തളർത്തുന്നത്. സ്ഥലം ഏറ്റെടുത്തു നൽകിയാൽ പാത വികസിപ്പിക്കാൻ എത്ര പണം വേണമെങ്കിലും നൽകാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പലവട്ടം സംസ്ഥാനത്തിന് ഉറപ്പുനൽകിയിട്ടുള്ളതാണ്. മൂന്ന് പതിറ്റാണ്ടായി പറഞ്ഞുകേൾക്കുന്ന ദേശീയ പാത വികസനം നിന്ന നില്പിൽ നിൽക്കുന്നത് ഏറ്റെടുക്കേണ്ട സ്ഥലത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽപെട്ടാണ്.

സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾക്കായി നിലവിൽ വന്ന കെ.എസ്.ടി.പി ഏറ്റെടുത്ത നാല് റോഡുകളുടെ നിർമ്മാണവും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ ഉദ്ഘാടനവും ഈ മാസം തന്നെ ഉണ്ടാകും. ചെങ്ങന്നൂർ - ഏറ്റുമാനൂർ, ഏറ്റുമാനൂർ - മൂവാറ്റുപുഴ, കാസർകോട് - കാഞ്ഞങ്ങാട്, പൊൻകുന്നം - തൊടുപുഴ എന്നീ നാല് റോഡുകളാണ് നവീന രീതിയിൽ വികസിപ്പിച്ചത്. ഇതോടൊപ്പം പണി തുടങ്ങിയ കണ്ണൂരിലെ പിലാത്തറ - പാപ്പിനിശേരി റോഡ് കഴിഞ്ഞ മാസം ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ആറു വർഷം മുൻപ് പണി തുടങ്ങിയ ഈ പദ്ധതികളും പല കാരണങ്ങളാൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

നഗരത്തിരക്കിൽപ്പെടാതെ സുഗമമായ യാത്രാസൗകര്യം ഒരുക്കാൻ വേണ്ടിയാണ് ബൈപാസുകളും മേൽപ്പാലങ്ങളുമൊക്കെ നിർമ്മിക്കുന്നത്. കൊല്ലം ബൈപാസിനു വളരെ മുമ്പേ നിർമ്മാണം തുടങ്ങിവച്ച ആലപ്പുഴ ബൈപാസ് ഇനിയും തീർന്നിട്ടില്ല. പൊതുതിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ സീറ്റിൽ സ്ഥാനാർത്ഥികളാകുന്നവരുടെ സ്ഥിരം വാഗ്ദാനങ്ങളിലൊന്നായി ഇപ്പോഴും അത് നിൽക്കുകയാണ്. കഷ്ടിച്ച് അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ ബൈപാസ് കെടുകാര്യസ്ഥതയുടെയും വാഗ്ദാനലംഘനത്തിന്റെയും പ്രതീകമായി തലകുനിച്ചുനിൽക്കേണ്ടിവരുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇതിന്റെ പണി തീർക്കുമെന്നാണ് ഏറ്റവും ഒടുവിൽ വന്ന പ്രഖ്യാപനം.

മൂന്നു കോടിയിൽപ്പരം ജനങ്ങളുള്ള സംസ്ഥാനത്ത് ഒരു കോടിയിൽപ്പരമാണ് വാഹനങ്ങൾ. റോഡുകൾക്ക് വഹിക്കാവുന്നതിലും എത്രയോ അധികമാണിത്. വാഹനപ്പെരുപ്പത്തിനനുസരിച്ച് പാതകൾ വികസിക്കുന്നില്ല. പുതിയവ വേണ്ടത്ര ഉണ്ടാകുന്നുമില്ല. ഏറ്റെടുക്കുന്ന പാത വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന വാശി ആർക്കുമില്ല. അതിനാലാണ് ഒന്നോ രണ്ടോ വർഷം കൊണ്ടു പൂർത്തിയാക്കാനാവുന്ന പണി പോലും നീണ്ടുനീണ്ടു പോയി പൊതു ഖജനാവ് വെളുപ്പിച്ചുകൊണ്ടിരിക്കുന്നത്.