തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തലസ്ഥാനവാസികൾക്ക് സമ്മാനിച്ച ദുരിതം ചില്ലറയല്ല. പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും നിഷേധിച്ചാണ് സംഘടനകൾ കരുത്ത് തെളിയിച്ചത്. സെക്രട്ടേറിയറ്രിന് മുന്നിലെ റോഡ് കൈയേറി സമരക്കാർ പന്തൽ ഒരുക്കിയതോടെ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. പൊതുനിരത്തുകൾ കൈയേറി സമരപ്പന്തൽ കെട്ടുകയോ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന കോടതി ഉത്തരവിന്റെ ലംഘനമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നഗരത്തിൽ കണ്ടത്. ഇരുചക്രവാഹനങ്ങൾക്ക് കടന്ന് പോകണമെങ്കിൽ പോലും സമരക്കാരുടെ കാരുണ്യം വേണമെന്ന സ്ഥിതിയായി. സമരക്കാർക്ക് വേണ്ട സൗകര്യം ഒരുക്കി കൊടുക്കലായിരുന്നു പൊലീസുകാരുടെ ജോലി. പങ്കജ് ഹോട്ടലിന് എതിർവശത്ത് ട്രഷറിക്ക് മുന്നിലായിരുന്നു സമരപ്പന്തൽ ഒരുക്കിയത്. ഇതിന് മുന്നിലായി സമരക്കാർക്ക് വെയിൽ ഏൽക്കാതെ ഇരിക്കാൻ നീളൻ പന്തലുകളും ഒരുക്കി. ബി.ജെ.പിയുടെ സമരപ്പന്തലിന് അടുത്തേക്ക് ട്രേഡ് യൂണിയൻ പ്രവർത്തകർ എത്താതിരിക്കാൻ റോഡിന് നടുവിൽ പൊലീസ് ബസ് ഉപയോഗിച്ച് മതിലും തീർത്തു. റോഡിന്റെ മറുഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. സമരക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമായിരുന്നു പൊലീസ് ഗതാഗതം നിയന്ത്രിച്ചത്. പന്തലിനുള്ളിൽ പ്രസംഗങ്ങളും കലാപരിപാടികളും അരങ്ങേറി. റോഡിൽ ഭക്ഷണവും പാകംചെയ്‌തു. എന്നാൽ ഈ റോഡ് താണ്ടാൻ കഴിയാതെ ഇരുചക്ര വാഹനയാത്രക്കാർ വലഞ്ഞു. ആദ്യദിനം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് അടച്ചെങ്കിലും രണ്ടാംദിനം തുറന്നു. പാളയത്തു നിന്നു വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനായി സ്‌പെൻസർ ജംഗ്ഷനു മുന്നിൽ കയർകെട്ടി റോഡ് അടച്ചിരുന്നു. വൈ.എം.സി.എയിൽ നിന്നു സ്റ്റാച്യുവിലേക്ക് വരുന്ന റോഡും പൊലീസ് അടച്ചു.