മുടപുരം:സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ റേഷൻ കടകളുടെ മുഖശ്രീ മാറുന്നു. ഇതിന്റെ ഭാഗമായി അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷനിലെ കെ. സുരേഷ്‌കുമാറിന്റെ (എ.ആർ.ഡി.41) റേഷൻ കടയുടെയും മുഖം മാറി.സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം പെയിന്റടിച്ച്, പുതിയ ബോർഡ് സ്ഥാപിച്ച് മനോഹരമാക്കിയ റേഷൻകട കാണികൾക്ക് കൗതുകം പകരുന്നു. 600 ഗുണഭോക്താക്കളാണ് ഈ റേഷൻകടയെ ആശ്രയിക്കുന്നത്.
ഇ-പോസ് ത്രാസ്, പ്രിന്റിംഗ് ബിൽ, റേഷൻ സാധനങ്ങൾ അനുവദിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് വരുന്ന മെസ്സേജ് തുടങ്ങിയ മാറ്റങ്ങൾക്ക് ശേഷമാണ് ഇപ്പോൾ റേഷൻകടകളുടെ മുഖശ്രീയും മാറുന്നത്. സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം കടയുടെ ഉൾവശം വെള്ള പെയിന്റ് അടിച്ച് പുറത്ത് ചുവപ്പും മഞ്ഞയും പെയിന്റ് ചെയ്ത് എംബ്ലം വരച്ച്ബോർഡും വച്ചാണ് റേഷൻ കടകൾ മാറുന്നത്. റേഷൻകടകളുടെ മുഖശ്രീ മാറുന്നതിന് തങ്ങൾക്ക് അധിക ചെലവാകുന്ന തുക സംസ്ഥാന സർക്കാർ തന്നെ തരണമെന്ന നിലപാടിലാണ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഭാരവാഹികൾ.