karun
ഇന്ത്യൻ എ ടീം ക്യാപ്റ്റൻ കരുൺ നായർ

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യൻ ടീമിനോട് കളിക്കാൻ ഇംഗ്ളീഷുകാരെത്തും. ആദ്യമായി ഒരു ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയാവുകയാണ്. ഇന്ത്യൻ എ ടീമും ഇംഗ്ലണ്ടിന്റെ എ ടീമും തമ്മിലാണ് മത്സരം. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 23, 25, 27, 29, 31 തീയതികളിൽ മത്സരം നടക്കും. കളി കാണാൻ പണം മുടക്കി ടിക്കറ്റെടുക്കേണ്ട. ഫ്രീയായി കാണാം. കാണികൾക്കായി പ്രത്യേക ഫുഡ് കോർട്ടുമുണ്ട്.

പരമ്പരയ്ക്കുള്ള ഇന്ത്യൻ, ഇംഗ്ളണ്ട് ടീമുകൾ 20ന് എത്തും.

ബി.സി.സി.ഐ സംഘം സ്റ്റേഡിയത്തിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ എ ടീമിന്റെ ക്യാപ്ടൻ കരുൺ നായരാണ്. മനേഷ് പാണ്ഡെ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ദീപക് ഹോഡ‌, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് തുടങ്ങിയ കിടിലൻ താരങ്ങൾ ഇന്ത്യൻ നിരയിൽ കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ. ഇംഗ്ളണ്ട് എ ടീമായ ലയൻസിൽ ഗാരി ബാലസ്, ഡേവിഡ് മലാൻ, ഹസീബ് ഹമീദ് തുടങ്ങിയ സീനിയർ താരങ്ങളെ കൂടാതെ സൂപ്പർ ബാറ്റ്സ്‌മാൻ ബെൻ ഡുക്കറ്റ്, അലക്സ് ഡേവിസ്, സാം ബില്ലിംഗ്സ്, സാക്ക് ചാപ്പൽ തുടങ്ങിയവരും ഉണ്ടാകും.

കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു അവസാനമായി കാര്യവട്ടത്ത് അന്താരാഷ്ട്ര മത്സരം നടന്നത്. അന്ന് നടന്ന ഇന്ത്യ- വെസ്റ്റ്ഇൻഡീസ് മത്സരത്തിൽ ഇന്ത്യ അനായാസം ജയിച്ചിരുന്നു. ഇന്ത്യ- ന്യൂസിലാന്റ് ട്വന്റി-20 മത്സരത്തിലും വിജയം ഇന്ത്യയ്ക്കായിരുന്നു.

കാര്യവട്ടം മൈതാനത്തിന്റെ പ്രത്യേകതകൾ

 അര ലക്ഷം പേർക്ക് കളികാണാം

 എട്ടു മിനിട്ട് കൊണ്ട് കാണികളെ ഒഴിപ്പിക്കാനുള്ള സുരക്ഷാ സൗകര്യം

 പ്രധാന ഗേറ്റുകൾ നാല്, സ്റ്റേഡിയത്തിനകത്തേക്ക് 16 കവാടങ്ങൾ, സീറ്റുകളിലേക്ക് എത്താൻ 32 വഴികൾ

 ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനം, മഴ പെയ്താലും 15 മിനിട്ടുകൊണ്ട് മൈതാനം റെഡിയാകും

 ഫ്ലെഡ് ലൈറ്റുകളുടെ ലക്സ് ലവൽ 3400, ഐ.സി.സി നിശ്ചയിച്ചത് 2700

 120 ടോയ്ലറ്റുകൾ, 31 കോർപ്പറേറ്റ് ബോക്സുകൾ, മീഡിയ ബോക്സ്

 ഏതുഭാഗത്തിരുന്നാലും കളികാണാം, ഗാലറിയിൽ പകുതി ഭാഗത്ത് മേൽക്കൂര