കല്ലമ്പലം: നവായിക്കുളത്ത് ഇ.എസ്.ഐ ആശുപത്രി കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഈ വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏറെക്കാലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും പഞ്ചായത്ത് അംഗം ആസിഫ്, എം.പിക്ക് നിവേദനം നൽകുകയും ചെയ്തു.
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വെള്ളൂർക്കോണം മുസ്ലിം പള്ളിക്ക് സമീപം ഇ.എസ്.ഐ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി രണ്ടേക്കർ സ്ഥലം ഏറ്റെടുത്തിട്ട് കാൽനൂറ്റാണ്ടോളമാകുന്നു. ഏറ്റെടുത്ത ഭൂമിയിൽ ലക്ഷങ്ങൾ മുടക്കി ചുറ്റുമതിലും ഗേറ്റും കിണറും വാട്ടർടാങ്കും ഒക്കെ നിർമ്മിച്ചെങ്കിലും കെട്ടിട നിർമ്മാണം എങ്ങുമെത്തിയില്ല.
നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് നാലുകോടി രൂപ എസ്റ്റിമേറ്റിൽ ഡിസ്പൻസറി, സ്റ്റാഫ് ക്വർട്ടേഴ്‌സ്, ഇ.എസ്.ഐ എന്നിവയുടെ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മുൻ എം.പി വർക്കല രാധാകൃഷ്ണന്റെ ശ്രമഫലമായിട്ടായിരുന്നു ഫണ്ട് അനുവദിച്ചത്. 2009 ൽ ആശുപത്രി കെട്ടിടത്തിന്റെ പ്ലാൻ അംഗീകരിച്ച് പെർമിറ്റ് ലഭിക്കുന്നതിനായി നാവായിക്കുളം ഗ്രാമപഞ്ചായത്തിനു സമർപ്പിച്ചു. 25000 രൂപയോളം പെർമിറ്റ് ഫീസ് ആയി പഞ്ചായത്തിന് ലഭിക്കേണ്ട പ്ലാൻ ആയിരുന്നിട്ടും പൊതുതാത്പര്യം മുൻ നിർത്തി ഈ തുക ഒഴിവാക്കി പഞ്ചായത്ത് കമ്മിറ്റി പ്ലാൻ അംഗീകരിച്ചു കൊടുത്തു.
പിന്നീട് സ്ഥലത്തെ പാഴ്മരങ്ങൾ മുറിച്ച് മാറ്റാൻ വനം വകുപ്പിന്റെ അനുമതി കിട്ടാൻ വേണ്ടി നീണ്ടകാലത്തെ കാത്തിരിപ്പ്.
ലക്ഷങ്ങൾ വാടകകൊടുത്ത് ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ കഴിയുന്ന ഇ.എസ്.ഐ ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ തയാറാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും വാർഡംഗം ആസിഫ്, എം.പി.ക്ക് നിവേദനം നൽകുകയും ചെയ്തത്. ലോക്സഭാ അംഗം റിച്ചാർഡ് ഹേ വഴി നൽകിയ നിവേദനം അദ്ദേഹം കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിക്ക് കൈമാറി.