ayyappan

തിരുവനന്തപുരം: രാഷ്ട്രീയ മുന്നണികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീക്കം തുടങ്ങി. ശബരിമല വിധിക്ക് ശേഷം നവോത്ഥാനമൂല്യസംരക്ഷണമുയർത്തി കൈക്കൊണ്ട ഉറച്ച നിലപാട് പിന്നാക്ക, ദളിത് പിന്തുണ ഉറപ്പിച്ചുനിറുത്താനായെന്ന് ഇടതുപക്ഷം കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തുണച്ച മതന്യൂനപക്ഷത്തെ കൂടെ നിറുത്തുകയും പരമ്പരാഗതവോട്ട്ബാങ്ക് ചോരാതെ കാക്കുകയുമാണ് ലക്ഷ്യം. സർക്കാരിനോട് ഒരൊത്തുതീർപ്പിനുമില്ലെന്ന എൻ.എസ്.എസ് നിലപാട് മദ്ധ്യതിരുവിതാംകൂറിൽ അനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിനും ബി.ജെ.പിക്കും. വിശ്വാസികളുടെ വികാരം എന്ന തുറുപ്പുചീട്ട് മത, ന്യൂനപക്ഷങ്ങളിലും അനുകൂലചലനമുണ്ടാക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിലുണ്ട്. എൻ.എസ്.എസ് നിലപാട് അനുകൂലമാകുമെന്ന് കരുതുന്ന ബി.ജെ.പിക്ക് കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തികസംവരണ പ്രഖ്യാപനത്തിലുമുണ്ട് പ്രതീക്ഷ.

താഴേതട്ടിൽ സംഘടനാപ്രവർത്തനം നേരത്തേ ആരംഭിച്ച സി.പി.എം, തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചർച്ചയ്ക്കായി സംസ്ഥാനകമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, നിയോജകമണ്ഡലം സെക്രട്ടറിമാർ എന്നിവർക്കായുള്ള സംസ്ഥാനതല ശില്പശാല ഇന്ന് എ.കെ.ജി സെന്ററിൽ നടത്തും. സി.പി.ഐ മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ച് 14 ജില്ലകളിലും കുടുംബയോഗങ്ങൾ പൂർത്തിയാക്കി.

ഇരുപത്തി അയ്യായിരത്തോളം വരുന്ന ബൂത്ത് കമ്മിറ്റികളിൽ മുക്കാൽഭാഗവും സജ്ജമാക്കി കോൺഗ്രസും പ്രവർത്തനം ഊർജ്ജിതമാക്കി. കെ.പി.സി.സി ജനറൽബോഡിയും ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും സംയുക്തയോഗവും നാളെയുണ്ട്. 29ന് രാഹുൽഗാന്ധി കൊച്ചിയിലെത്തുന്നതിന് മുമ്പായി എല്ലാ ജില്ലകളിലും പ്രവർത്തകരെ പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി 3ന് കാസർകോട്ട് നിന്നാരംഭിക്കും. നാല് ബൂത്തുകൾ കേന്ദ്രീകരിച്ച് ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ബി.ജെ.പിയും താഴേതട്ടിൽ സജീവം. 15ന് മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലെ പ്രവർത്തകരെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത് പ്രചാരണത്തുടക്കമാക്കാനാണ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഈ മാസം 21ന് പ്രസിദ്ധീകരിക്കാനിരിക്കെ, വോട്ടർപട്ടികാ പരിശോധനകളിലാണിപ്പോൾ പ്രവർത്തകരെല്ലാം.

ആറ്റിങ്ങലിൽ രാജൻബാബുവിനെ സമീപിച്ച് കോൺഗ്രസ്

ആറ്റിങ്ങലിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കാനുള്ള നീക്കവുമായി പ്രത്യേക ജെ.എസ്.എസ് വിഭാഗമായി നിൽക്കുന്ന മുൻ എം.എൽ.എ എ.എൻ. രാജൻബാബുവിനെ നേതാക്കൾ സമീപിച്ചെങ്കിലും അദ്ദേഹം മനസ് തുറന്നിട്ടില്ല. കോൺഗ്രസിന്റെ സിറ്റിംഗ് എം.പിമാരിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊഴിച്ചെല്ലാവരും വീണ്ടുമിറങ്ങാനുള്ള സാദ്ധ്യതയാണ്. യുവപ്രാതിനിദ്ധ്യത്തിനായി യൂത്ത് കോൺഗ്രസും വനിതാപ്രാതിനിദ്ധ്യത്തിനായി മഹിളാകോൺഗ്രസും രംഗത്തുണ്ട്. സി.പി.എമ്മിൽ മൂന്ന് ടേം പൂർത്തിയാക്കിയ ചിലർക്ക് മാറ്റം വരാം. നാല് സീറ്റുകളിൽ ശക്തമായി പോരാടി നേട്ടമുണ്ടാക്കാനുള്ള തന്ത്രത്തിലാണ് സി.പി.ഐ. പ്രതീക്ഷിക്കാത്ത ചില അദ്ഭുതങ്ങൾ സ്ഥാനാർത്ഥിപ്പട്ടിക വരുമ്പോൾ സംഭവിക്കുമെന്ന് ബി.ജെ.പി നേതൃത്വം പറയുന്നു.