ചിറയിൻകീഴ്: ആയിരവല്ലിപുരം ആർച്ചിന് സമീപം യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇടയ്ക്കോട് പുകയിലത്തോപ്പ് കോളനിയിൽ അനിവിലാസം വീട്ടിൽ അപ്പുക്കുട്ടനാണ് (31) പിടിയിലായത്. അഴൂർ ചിലമ്പിൽ ആയിരവല്ലിപുരം ഗിരിജ ഭവനിൽ മുകേഷിനാണ് (19) വെട്ടേറ്റത്. ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രി 8ന് ആയിരവല്ലിപുരം ആർച്ചിന് സമീപത്താണ് ആക്രമണമുണ്ടായത്. കടയിൽ നിന്നും സാധനം വാങ്ങാനെത്തിയ മുകേഷിനെ അപ്പുക്കുട്ടൻ ഉൾപ്പെടുന്ന നാലംഗസംഘം മർദ്ദിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അപ്പുക്കുട്ടനും പരിക്കേറ്റിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്. പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നതും പുകവലിക്കുന്നതും അധികൃതരെ അറിയിച്ചതിലുളള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചിറയിൻകീഴ് എസ്.ഐ നിയാസ്, ഗ്രേഡ് എസ്.ഐമാരായ ജയൻ, അനിൽ, സി.പി.ഒ സുൾഫിക്കർ, ശരത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ആയിരവല്ലി ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.