highmass

കിളിമാനൂർ: കിളിമാനൂർ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുവിളക്കുകൾ കത്താതായിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. അവശേഷിച്ച ഒരു ഹൈമാസ്റ്റ് ലൈറ്റും കഴിഞ്ഞ ദിവസം കത്താതായതോടെ പ്രദേശമാകെ ഇരുട്ടിലമർന്നിരിക്കുകയാണ്. രാത്രി കാലങ്ങളിൽ കിളിമാനൂർ ടൗണിൽ വന്നിറങ്ങുന്നവർ കൈയിൽ ടോർച്ചോ മറ്റോ കരുതേണ്ട അവസ്ഥയാണ് ഇപ്പോൾ. കിളിമാനൂർ സംസ്ഥാന പാതയിൽ ഇരട്ടച്ചിറ മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള തെരുവുവിളക്കുകളിൽ ഒന്നുപോലും ഇപ്പോൾ കത്തുന്നില്ല. അതിനാൽ രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞെത്തുന്നവരും, ദൂരസ്ഥലങ്ങളിൽ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവരും അതിരാവിലെ പത്രവിതരണത്തിന് പോകുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. കെ.എസ്.ടി.പിയുടെ റോഡ് നിർമ്മാണം തുടങ്ങിയതോടെയാണ് വഴിവിളക്കുകളിൽ പലതും അപ്രത്യക്ഷമായതെന്ന് ആരോപണമുണ്ട്. ദിവസേന നിരവധി അപകടങ്ങൾ നടക്കുന്ന കാരേറ്റ് - തട്ടത്തുമല റോഡിലെ മിക്ക അപകടങ്ങൾക്കും കാരണം റോഡിലെ വെളിച്ചക്കുറവാണന്ന് പൊലീസും പറയുന്നു. രാത്രിയിൽ വെളിച്ചക്കുറവ് കാരണം റോഡിന്റെ വീതി മനസിലാക്കാനും, കാൽനടയാത്രക്കാരെ കാണാൻ കഴിയാത്തതും, ഡിവൈഡറുകൾക്ക് സമീപം റിഫ്ലക്ടറുകളോ വെളിച്ചമോ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നു എന്ന് ഡ്രൈവർമാരും പറയുന്നുണ്ട്. അടിയന്തരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കണം എന്നതാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.