കുളത്തൂർ: പൗണ്ട്കടവിനും സ്റ്റേഷൻകടവിനുമിടയ്‌ക്ക് റെയിൽവേ ട്രാക്കിന് സമീപത്തെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. വി.എസ്.എസ്.സി ഇൻസ്റ്റെഫിന് സമീപത്തെ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിലാണ് തീ ആദ്യം പടർന്നത്. ഒരാൾ പൊക്കത്തിലേക്ക് ഉയർന്ന തീ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചത് സമീപവാസികളെ പരിഭ്രാന്തിയിലാക്കി. നാട്ടുകാർ ഉടൻ തുമ്പ പൊലീസിലും കഴക്കൂട്ടം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു. തീരദേശപാതയിൽ പൗണ്ട്കടവ് മുതൽ സ്റ്റേഷൻകടവ് വരെയുള്ള റെയിൽവേ ട്രാക്കിന്റെ ഇരുഭാഗത്തും ഉണങ്ങി നിൽക്കുന്ന കുറ്റിച്ചെടികളിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.