തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊല്ലം എം.പി നടത്തിയ പ്രസ്താവനകൾ തന്ത്രപരമായ അബദ്ധമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എടുത്തുചാട്ടം നടത്തിയാൽ കാല് തെന്നുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബൈപാസ് പൂർത്തിയാക്കിയതിൽ എം.പിക്ക് ഒരു കാര്യവുമില്ല. രണ്ട് റിവ്യൂ മീറ്റിംഗുകളിൽ തനിക്കൊപ്പം പങ്കെടുത്തെന്നു മാത്രം. എം.പിക്ക് സ്വാധീനമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് നേരത്തേ നിർമാണം പൂർത്തിയാക്കിയില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ മൂന്ന് വർഷക്കാലത്ത് 30 ശതമാനം നിർമാണ ജോലികളാണ് തീർത്തത്. എന്നാൽ പിണറായി സർക്കാർ രണ്ടര വർഷം കൊണ്ടാണ് ബാക്കി 70 ശതമാനം ജോലികൾ തീർത്തത്.
13 കിലോമീറ്റർ നീളത്തിലുള്ള ബൈപാസിന്റെ ഒരു വശത്തുമാത്രമാണ് ലൈറ്റുകൾ സ്ഥാപിച്ചത്. രണ്ട് വശത്തും ലൈറ്ര് സ്ഥാപിക്കണമെന്ന് താൻ നിർദ്ദേശിച്ചു. അതിന് അധികം പണം ഉൾപ്പെടുത്തുകയും വേണം. എം.പി കൂടി പങ്കെടുത്ത റിവ്യൂ മീറ്രിംഗിലാണ് ഈ നിർദ്ദേശം നൽകിയതും. തിരഞ്ഞെടുപ്പ് കഴിയും വരെ ഉദ്ഘാടനം മനഃപൂർവം വൈകിക്കാൻ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ആരോപണം. അങ്ങനെയെങ്കിൽ പണി തീർക്കാതിരുന്നാൽ പോരെ.
ബൈപാസ് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നു. പ്രധാനമന്ത്റി വരുന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് ഇക്കാര്യങ്ങൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിടാതിരുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇന്നലെ ലഭിച്ച സ്ഥിരീകരിക്കപ്പെട്ട പരിപാടിയിൽ പ്രധാനമന്ത്രി 15ന് വൈകിട്ട് 5.20 മുതൽ 5.50 വരെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. സർക്കാർ പറയും മുമ്പ് ഇക്കാര്യം വിളിച്ചുപറഞ്ഞ എം.പിയുടെ നടപടി ശരിയായില്ല. അത് പ്രോട്ടോക്കോളിന് വിരുദ്ധമാണെന്നും ജി. സുധാകരൻ പറഞ്ഞു.