auto

തിരുവനന്തപുരം: ആട്ടോ റിക്ഷയിൽ കയറിയാൽ യാത്രക്കാരൻ നേരിടുന്ന പ്രശ്നങ്ങൾ രണ്ടാണ്. ഒന്ന് - കൂടുതൽ കൂലി ആവശ്യപ്പെടും. രണ്ട് - പരിചയമില്ലാത്ത യാത്രക്കാരനാണെങ്കിൽ ചുറ്റിക്കറക്കും. രണ്ട് പ്രശ്നത്തിനും പോംവഴി കണ്ടിരിക്കയാണ് മോട്ടോർ വാഹന വകുപ്പ്. കൂലിയും വഴിയും ഇനി ഗൂഗിൾമാപ് പറയും !

ഗൂഗിൾമാപ്പിന്റെ പുതിയ ഫീച്ചറിലാണ് ഈ സൗകര്യം. യാത്രക്കാരൻ ആട്ടോയിൽ കയറി ലക്ഷ്യസ്ഥലം പറയുന്നതോടൊപ്പം ഗൂഗിൾമാപ് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് ഒരുക്കുന്ന ആപ്പിലേക്ക് കയറി ലക്ഷ്യസ്ഥാനം ടിക്ക് ചെയ്താൽ മതി. കൃത്യമായ വഴി യാത്രക്കാരന്റെ

മൊബൈലിൽ തെളിയും. ആട്ടോറിക്ഷക്കാരനും ഇതു ഉപയോഗിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ യാത്രക്കൂലിയും തെളിയും.

പബ്ലിക് ട്രാൻസ്‌പോർട്ട് മോഡിൽ പോകേണ്ട വഴിയും നിരക്കുകളും ആപ്പിലൂടെ മുൻകൂട്ടി അറിയാം. യൂബർ, ഓല പോലുള്ള ഓൺലൈൻ ടാക്‌സികളുടെ നിരക്കുകളുമായി ആട്ടോ നിരക്ക് താരതമ്യം ചെയ്യാനും സാധിക്കും. ന്യൂഡൽഹിയിൽ ട്രാഫിക് പൊലീസ് ഈ പദ്ധതി പരീക്ഷിച്ചത് വിജയിച്ചിരുന്നു. തുടർന്നാണ് ഇവിടേയും നടപ്പാക്കാൻ തീരുമാനിച്ചത്. ആദ്യം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഗൂഗിൾമാപ് ഫെയർ നടപ്പിലാക്കുക.

ഇപ്പോൾ ആട്ടോ ചാർജ് വർദ്ധിപ്പിച്ചിട്ടും നിശ്ചിത നിരക്കിനേക്കാൾ കൂടിയ നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്.

''പദ്ധതിയുടെ സാങ്കേതികവശം പരിശോധിച്ചുവരികയാണ്. മിക്കവർക്കും സ്‌മാർട്ട് ഫോൺ ഉള്ളതിനാൽ ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടില്ല''
--കെ.പദ്മകുമാർ, ട്രാൻസ്പോർട്ട് കമ്മിഷണർ