തിരുവനന്തപുരം: ഭർത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും മകന്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്ത് അമ്മയുടെ ഉത്തമ മാതൃക. കൊല്ലം ശൂരനാട് നോർത്തിൽ വിജയശ്രീയുടെ വലിയ മനസിന് മുന്നിൽ വിധിപോലും തലകുനിക്കുകയാണ്. സംസ്ഥാനത്ത് അവയവദാനങ്ങൾ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകൻ അമൽ എന്ന ഇരുപത്തൊന്നുകാരൻ. അമലിന്റെ അച്ഛൻ രാജൻ പിള്ള (58) ഷാർജ പൊലീസിലെ ജോലിയിൽ നിന്നു വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാർ ഭരണിക്കാവ് വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജൻ പിള്ള തത്ക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് മൃതസഞ്ജീവനി പ്രവർത്തകർ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ സമ്മതം മൂളുകയായിരുന്നു. അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസിൽ ചികിത്സയിലുള്ള രണ്ടു രോഗികൾക്കും കോർണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നൽകി. അടൂർ ഏനാത്തെ സെന്റ് സിറിയൻ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായിരുന്നു അമൽ.