മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് ഏറെക്കുറെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുരുമയോടെ ഐക്യം പ്രഖ്യാപിച്ചത് അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യൻ ഭരണഘടന പ്രകാരം പിന്നാക്ക ജാതിയിലുള്ളവരുടെ സാമുദായിക അവസ്ഥ മാറ്റി മെച്ചപ്പെട്ട സാമൂഹിക നീതി ഉറപ്പാക്കാൻ കൊണ്ടുവന്നതായിരുന്നു സംവരണം. പിന്നാക്ക ജാതിക്കാർക്ക് സാമ്പത്തികം ഉറപ്പുവരുത്തുന്നതല്ല സംവരണം എന്നർത്ഥം. മുന്നാക്കക്കാർ സാമൂഹികമായി മുൻനിരയിൽ തന്നെയാണ്. അവരിൽ സാമ്പത്തികമായി കുറേപ്പേർ പിന്നാക്കം നിൽക്കുന്നു എന്നതും വാസ്തവമാണ്. ദാരിദ്യം അനുഭവിക്കുന്ന മുന്നാക്കക്കാരുടെ ദാരിദ്ര്യം മാറ്റാൻ സംവരണമല്ല മാർഗം; മറിച്ച് ധനസഹായമോ അല്ലെകിൽ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയുള്ള പദ്ധതികളോ ആണ് നടപ്പിലാക്കേണ്ടത്.
അടിച്ചമർത്തപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന പിന്നാക്ക ജാതിക്കാർക്ക് മെച്ചപ്പെട്ട സാമുദായിക അന്തരീക്ഷം സൃഷ്ടിക്കാനായി രൂപകൽപന ചെയ്ത സംവരണം എന്ന മഹത്തായ ഭരണഘടനാ തത്വത്തെ മുന്നാക്കക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നത് പിന്നാക്കക്കാരോടു മാത്രമല്ല മുന്നാക്കക്കാരോടും ചെയ്യുന്ന അനീതിയാണ്. മുന്നാക്കക്കാരിൽ ഒരുവിഭാഗം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം കാണാൻ സമിതിയെ നിയോഗിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്.
എ.കെ .അനിൽകുമാർ
നെയ്യാറ്റിൻകര