തിരുവനന്തപുരം: പണിമുടക്കിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന നേതാക്കളുടെ ഉറപ്പ് പാഴ് വാക്കായി. ആദ്യദിവസം പലയിടത്തും ബലം പ്രയോഗിച്ച് കടയടപ്പിച്ചതിനു പിന്നാലെ രണ്ടാംദിവസം തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു സമീപത്തെ എസ്. ബി. ഐ ട്രഷറി ബ്രാഞ്ചിൽ അക്രമം ഉണ്ടായി.
ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ തടഞ്ഞിട്ടത് യാത്രക്കാരെ വലച്ചു. വേണാട് എക്സ് പ്രസ് തിരുവനന്തപുരത്ത് തടഞ്ഞുകൊണ്ടായിരുന്നു ഇന്നലെയും തുടക്കം. രണ്ടു ദിവസത്തെ പണിമുടക്ക് ജനജീവിതം തീർത്തും ദുസ്സഹമാക്കി.
കഴിഞ്ഞ ദിവസം കടയടപ്പിക്കാനുള്ള ശ്രമത്തിൽ സംഘർഷമുണ്ടായ മഞ്ചേരി, തൃശൂർ,കായംകുളം മേഖലകളിൽ ഇന്നലെ കൂടുതൽ കടകൾ തുറന്നത് നേരിയ ആശങ്കപരത്തി. മിക്ക സ്ഥലങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. എന്നാൽ, വാഹന ഗതാഗതം ആദ്യ ദിവസത്തെ അപേക്ഷിച്ച് കൂടി. സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും സാധാരണപോലെ ഓടി. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗത്തിലെ ജീവനക്കാരും ഇന്നലെ പണിമുടക്കി.സെക്രട്ടേറിയറ്റ്, വികാസ് ഭവൻ, സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ ഹാജർനില തീരെ കുറഞ്ഞിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തിയില്ല.