നെടുമങ്ങാട്: ശബരിമല കർമ്മസമിതിയുടെ ഹർത്താലിനോടനുബന്ധിച്ച് നടന്ന ബോംബേറിലും പൊലീസ് വാഹനം ആക്രമിച്ച് എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അറസ്റ്റ് തുടരുന്നു. ആനാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ആയുധങ്ങൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓഫീസ് അടിച്ചു തകർക്കുകയും ചെയ്‌ത കേസിൽ മൂന്ന് പേർ ഇന്നലെ അറസ്റ്റിലായി. ഒമ്പതാം പ്രതി കരിപ്പൂര് പുലിപ്പാറ തേവരുകുഴി തടത്തരികത്തു വീട്ടിൽ എം. ലാലു (38), പത്താം പ്രതി ചെല്ലാംകോട് ചുടുംകാട്ടിൻമുകൾ ശിവാനന്ദ ഭവനിൽ എസ്. പ്രശാന്ത് (39), പതിനൊന്നാം പ്രതി ഇരുമ്പ നാണുവിള ചരുവിളാകത്തു വീട്ടിൽ കെ. പ്രതാപ് കുമാർ (40) എന്നിവരാണ് പിടിയിലായത്. ഏഴ് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുപതോളം പേർ പിടിയിലാകാനുണ്ട്. പൊലീസ് സ്റ്റേഷന് മുന്നിൽ സി.പി.എം പ്രവർത്തകർക്കിടയിലേക്ക് ബോംബെറിഞ്ഞ കേസിൽ മുഖ്യപ്രതിയും ആർ.എസ്.എസ് ജില്ലാ കാര്യവാഹുമായ പ്രവീൺ ഒളിവിലാണ്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതിന് സഹോദരനെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കേസിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവരും അറസ്റ്റിലായി. ഇതോടെ അക്രമവുമായി ബന്ധപ്പെട്ട് 13 ബി.ജെ.പി പ്രവർത്തകരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈ.എസ് പി അശോകന്റെ നേതൃത്വത്തിൽ സി.ഐ ബി.എസ്. സജിമോൻ, എസ്.ഐമാരായ എസ്.എൽ അനിൽ കുമാർ, കെ. ബാലകൃഷ്ണൻ, ഷാഡോ പൊലീസ് ടീം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
ആർ.എസ്.എസ് കാര്യാലയത്തിൽ റെയ്ഡ്; കത്തിയും വാളും പിടികൂടി
നെടുമങ്ങാട്: മേലാങ്കോട്ടുള്ള ആർ.എസ്.എസ് ജില്ലാ കാര്യാലയത്തിൽ പൊലീസ് റെയ്ഡ് നടത്തി. പരിശോധനയിൽ മൂന്ന് കത്തി, ഒരു വടിവാൾ, കരിങ്കൽ കഷണങ്ങൾ, മുളവടികൾ, ബോംബ് നിർമ്മാണ മിശ്രിതമായ പൊട്ടാസ്യം ക്ളോറൈഡ് മുതലായവ കണ്ടെടുത്തതായി റെയ്ഡിന് നേതൃത്വം നൽകിയ നെടുമങ്ങാട് ഡിവൈ.എസ്.പി അശോക് പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൊലീസ് സ്റ്റേഷന് മുന്നിലേക്ക് ബോംബെറിഞ്ഞ കാര്യവാഹ് പ്രവീൺ ഈ ഭാഗത്തു നിന്നാണ് കവറിലൊളിപ്പിച്ച ബോംബുമായി എത്തിയത്. ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ടതും ഈ ഭാഗത്തേയ്ക്കാണ്. സി.ഐ ബി.എസ്. സജിമോൻ, എസ്.ഐ എസ്.എൽ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പൊലീസുകാർ റെയ്ഡിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 12ഓടെ തുടങ്ങിയ തെരച്ചിൽ വൈകിട്ട് 4.30വരെ നീണ്ടു. സംഭവത്തിൽ കേസെടുത്തിട്ടില്ല.
റെയ്ഡ് നാടകം സി.പി.എം തിരക്കഥ അനുസരിച്ച്: ആർ.എസ്.എസ്
നെടുമങ്ങാട്: റെയ്ഡ് നാടകം സി.പി.എം തിരക്കഥ അനുസരിച്ചുള്ളതാണെന്നും പൊലീസിന്റെ തിരച്ചിൽ തുടങ്ങും മുമ്പ് സി.പി.എം ഏരിയ സെക്രട്ടറി ഫേസ്‌ബുക്കിൽ വടിവാൾ പിടികൂടിയെന്ന് പോസ്റ്റ് ചെയ്‌തത് ഇതിനു തെളിവാണെന്നും ആർ.എസ്.എസ് ജില്ലാ കാര്യവാഹ് സുരേഷ് ആരോപിച്ചു. 12ന് ആരംഭിച്ച റെയ്ഡ് സംബന്ധിച്ച് 2ന് ആണ് സംഘം നേതാക്കൾക്ക് പൊലീസ് അറിയിപ്പ് നൽകിയത്. പൊലീസ് ഏകപക്ഷീയമായി ആർ.എസ്.എസ് - ബിജെ.പി പ്രവർത്തകരെ വേട്ടയാടുകയാണെന്നും സുരേഷ് പറഞ്ഞു.