ആര്യനാട്: പ്രതിയെ എക്സൈസ് സംഘം സിനിമാ സ്റ്റൈലിൽ പിടികൂടിയത് കൗതുകമായി. എക്സൈസിനെക്കണ്ട് ഓടിയ പ്രതിയെ പിടികൂടുന്നതിനിടയിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. എന്നിട്ടും അദ്ദേഹം വിട്ടുകൊടുത്തില്ല. ഇന്നലെ രാവിലെ 11 മണിയോടെ ആര്യനാട് കോട്ടയ്ക്കകത്താണ് രസകരമായ സംഭവങ്ങൾ.

ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ എ.പി.ഷാജഹാനും സംഘവും കോട്ടയ്ക്കകംവഴി പോകവേ പല അബ്കാരി കേസുകളിലെയും വാറണ്ട് പ്രതിയായ കോട്ടയ്ക്കകം കൊല്ലക്കുടി വീട്ടിൽ സുകുവിനെ (51) കാവൽപ്പുര ഭാഗത്തുവച്ചു കണ്ടു. എക്സൈസ് വാഹനം നിറുത്തുന്നതു കണ്ടതോടെ സുകു ഓടി. ഇൻസ്പെക്ടറും സംഘവും സുകുവിന്റെ പിറകേ ഓടി. ഗത്യന്തരമില്ലാതെ സുകു കരമനയാറ്റിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇൻസ്പെക്ടറും കൂടെച്ചാടി. പിടികൂടി കരയ്ക്കെത്തിച്ചപ്പോൾ സംഘടിച്ചെത്തിയ സുകുവിന്റെ മകനും സംഘവും ചേർന്ന് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. മൽപ്പിടിത്തമായി. ഇതിനിടയിലാണ് ഇൻസ്പെക്ടർ ഷാജഹാന് പരിക്കേറ്റത്. സംഭവമറിഞ്ഞ് ആര്യനാട് പൊലീസ് പാഞ്ഞെത്തി സുകുവിനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. അതിനിടയിൽ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഷാജഹാനെ (41) നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘത്തിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സുകുവിന്റെ മകൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി ആര്യനാട് പൊലീസ് കേസെടുത്തു. സുകുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.