വിഴിഞ്ഞം: സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളുമില്ലാതെ വിഴിഞ്ഞത്തെ അഗ്നിശമന സേന. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സ്വന്തമായി ആംബുലൻസ് ഇല്ല. ഉണ്ടായിരുന്ന ജീപ്പ് കേടായിട്ട് വർഷങ്ങളായി. കഴിഞ്ഞ ദിവസം മരത്തിനു മുകളിൽ കയറി ആത്മത്യാ ഭീഷണി നടത്തിയ യുവാവിനെ രക്ഷപ്പെടുത്താൻ ബെഡ് തേടി അഗ്നിശമന സേന നെട്ടോട്ടമോടി ഒടുവിൽ അടുത്ത വീടുകളിൽ നിന്നും സംഘടിപ്പിച്ച ബെഡുകൾ ഉപയോഗിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വലിയ വല ഉണ്ടായിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം എളുപ്പമായിരുന്നുവെന്നും ഇന്നലെത്തെ സംഭവം വെളിവാക്കുന്നു. ഇന്നലെ ചെങ്കൽ ചൂള ഫയർസ്റ്റേഷനിൽ നിന്നും വലിയ വല എത്തിച്ചപ്പോഴേക്കും യുവാവ് മരക്കൊമ്പ് ഒടിഞ്ഞു വീണു. ഭാഗ്യത്തിനാണ് ജീവൻ രക്ഷിക്കാനായത്.
കഴക്കൂട്ടം -കാരോട് ബൈപ്പാസ് റോഡിൽ അപകടങ്ങൾ പതിവായതോടെ സ്വന്തമായി ആംബുലൻസ് ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസാണ് ആശ്രയിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ബൈപ്പാസ് റോഡ് നിർമ്മാണവും പൂർത്തിയാകുന്നതോടെ സുരക്ഷ വർധിപ്പിക്കേണ്ടി വരുമെന്ന് അഗ്നിശമന സേനാധികൃതർ പറയുന്നു. വിഴിഞ്ഞത്തെ അഗ്നിശമന സേനാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്താണ്. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് 40 സെന്റ് സ്ഥലം അഗ്നിശമന സേനയ്ക്ക് നൽകുമെന്ന് പറഞ്ഞുവെങ്കിലും നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഫയർ എൻജിൻ യൂണിറ്റുകളിൽ വെള്ളം നിറയ്ക്കാനുള്ള ഹൈഡ്രന്റ് സംവിധാനമില്ലാത്തതിനാൽ ഇപ്പോൾ കുളങ്ങളെയും കായലുകളെയും ആശ്രയിക്കുകയാണ്. ഇടുങ്ങിയ റോഡുകളിൽ അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വലിയ ഫയർ യൂണിറ്റുകൾക്ക് കഴിയാറില്ല. ആധുനിക സംവിധാനങ്ങളോട് കൂടിയ ചെറിയ ഫയർ യൂണിറ്റ് വേണമെന്നത് നേരത്തെയുള്ള ആവശ്യമാണ്.