ഉള്ളൂർ: ബൈക്ക് അപകടകരമായി ഓടിച്ചത് ചോദ്യംചെയ്‌ത വാഹനയാത്രക്കാരനെ വെട്ടിപ്പരിക്കേല്പിച്ചയാൾ പിടിയിൽ. മൂക്കുന്നിമല സ്വദേശി ബിപിനാണ് (34) പിടിയിലായത്. ഇന്നലെ വൈകിട്ട് 3.30ന് പ്രാവച്ചമ്പലത്തിന് സമീപമാണ് സംഭവം. ഇടത് കൈയ്‌ക്ക് ആഴത്തിൽ പരിക്കേറ്റ നിലയിൽ അമരവിള പൗർണമി അരകംപുറം വീട്ടിൽ പ്രവീണിനെ (29) മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സഹോദരനൊപ്പം തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ പ്രാവച്ചമ്പലത്തിന് സമീപത്തു വച്ച് ബിപിൻ മൊബൈൽ ഫോണിൽ സംസാരിച്ച് അലക്ഷ്യമായി ബൈക്ക് ഓടിക്കുകയും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് സമീപത്തേക്ക് കയറ്റുകയുമായിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ ബൈക്ക് കുറുകെ നിറുത്തി വാഹനം തടഞ്ഞ ശേഷം കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാനായി കത്തി തട്ടിമാറ്റിയതോടെ തലയിൽ കുത്തിയ ശേഷം ഇടത് കൈയിൽ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ബിപിനെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് പിടികൂടി നേമം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. രക്തധമനികൾ അറ്റ നിലയിൽ പ്രവേശിപ്പിച്ച പ്രവീണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.