തിരുവനന്തപുരം: ന്യൂയോർക്ക് പൊലീസിനെ മറികടന്നു നീങ്ങിയ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് കുതിപ്പ് തുടരുന്നു. ഒരു മില്യൺ (10 ലക്ഷം) ലൈക്ക് നേടിയാണ് കുതിപ്പ്.
ഇതിന്റെ ഔദ്യോഗിക അംഗീകാരം ഇന്ന് വൈകിട്ട് 4ന് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഫേസ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്റി പിണറായി വിജയന് കൈമാറും. ഫേസ്ബുക്ക് പേജ് പ്രവർത്തിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്റി ആദരിക്കും. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പി.എസ്. സന്തോഷ്, വി.എസ്. ബിമൽ, ബി.എസ്. ബിജു, കെ.ആർ. കമലാനന്ദ്, ബി.ടി. അരുൺ എന്നീ പൊലീസുകാരാണ് സോഷ്യൽമീഡിയ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
സൈബർ ലോകത്തിന്റെ നെറുകയിലെത്താൻ കേരള പൊലീസിന്റെ ഫേസ്ബുക്കിന് അല്പംകൂടി കാത്തിരുന്നാൽ മതി. 10.30 ലക്ഷം ജനപ്രീതിയോടെ നേപ്പാൾ നാഷണൽ പൊലീസാണ് നമുക്ക് മുന്നിൽ. നിത്യേന ശരാശരി 15,000 പേർ കേരള പൊലീസിനോട് ഇഷ്ടം രേഖപ്പെടുത്തുന്നുണ്ട്. ട്രോൾ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിലെ പൊലീസിന്റെ ജനപ്രീതി കുതിച്ചുയർന്നത്. വിലാസം- https://www.facebook.com/keralapolice
പൊലീസിനോട് ചാറ്റ്
പൊലീസിനോട് ചാറ്റ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പരീക്ഷണഘട്ടത്തിലാണ്. ചാറ്റ്‌ബോക്സിൽ ചോദ്യം ചോദിച്ചാൽ ഉടൻ പൊലീസിന്റെ മറുപടി ലഭിക്കും. കെ.എസ്.ഐ.ഡി.സിയാണ് വെർച്വൽചാറ്റ് സജ്ജമാക്കുന്നത്. ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിക്കുന്നവരെ പൊലീസിന്റെ ഐ.ടി സംഘം 24 മണിക്കൂറും കാത്തിരിപ്പുണ്ട്.