തിരുവനന്തപുരം: കേരളാ ബാങ്കിന് നബാർഡ് നിർദ്ദേശിച്ച പുതിയ നിബന്ധനകൾ വിലങ്ങുതടിയായിരിക്കെ, ഇവ നടപ്പാക്കുന്നതിലെ നിയമതടസ്സം സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനെയും നബാർഡ് അധികൃതരെയും അറിയിക്കും.
സംസ്ഥാന സഹകരണ നിയമമനുസരിച്ച് പ്രാഥമിക സഹകരണബാങ്കുകളും അർബൻ സഹകരണ ബാങ്കുകളും ചേർന്ന ജില്ലാ ബാങ്കുകൾ സംയോജിപ്പിച് രൂപീകരിച്ച കേരള ബാങ്ക്, കമ്പനി നിയമം അനുസരിച്ച് ലയന നടപടി പൂർത്തീകരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
സഹകരണ നിയമപ്രകാരം നിലവിൽ ജില്ലാ ബാങ്കുകളിൽ വോട്ടവകാശമുള്ളത് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കുമാണ്. മറ്റു സംഘങ്ങളെല്ലാം നാമമാത്ര അംഗങ്ങൾ. അവയിൽത്തന്നെ മിക്കതും തെരഞ്ഞെടുപ്പിൽ ജില്ലാ ബാങ്കുകളുടെ അധികാരം പിടിക്കാൻ രൂപീകരിച്ച കടലാസ് സംഘങ്ങളാണ്.
ജില്ലാ ബാങ്കുകളിലെ ഓഹരി മൂലധനം, വായ്പ, നിക്ഷേപം, എന്നിവയിലും 90 ശതമാനത്തിലധികം കാർഷിക,അർബൻ സഹകരണ സംഘങ്ങളുടേതാണ്. സംയോജനത്തിലൂടെ കേരള ബാങ്ക് രൂപീകരിക്കുമ്പോഴും നിയമപ്രകാരം ഈ രീതിയേ തുടരാനാകൂ. ഇത്തരം പ്രായോഗിക തടസ്സങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മൂന്നു മാസം മുമ്പ് 19 ഇന ഉപാധികളോടെയാണ് റിസർവ് ബാങ്ക് കേരളബാങ്കിന് അനുമതി നൽകിയത്.
നബാർഡിന്റെ നിർദ്ദേശങ്ങൾ
1.നിലവിൽ വോട്ടവകാശമില്ലാത്ത അംഗങ്ങൾക്ക് വോട്ടവകാശം നൽകണം
2.സംഘങ്ങളുടെ ഒാഹരി മൂല്യമനുസരിച്ച് വോട്ട് മൂല്യം നൽകണം
3.ഓഹരി കൈമാറ്റം സ്വകാര്യ കമ്പനി നിയമമനുസരിച്ച് നിർണ്ണയിക്കണം
സർക്കാരിന്റെ ആശങ്കകൾ
1. നിലവിൽ വോട്ടവകാശമില്ലാത്ത സംഘങ്ങൾക്ക് വോട്ടവകാശം നൽകിയാൽ ഇടതുമുന്നണിക്ക് കേരളബാങ്ക് ഭരണസമിതിയിൽ ലഭിക്കാവുന്ന മേൽകൈ നഷ്ടമാകും.
2. പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾക്കും അർബൻ ബാങ്കുകൾക്കും വോട്ടവകാശം മതിയെന്നാണ് സർക്കാർ നിലപാട്.
3. വോട്ടവകാശം നിർണ്ണയിക്കുമ്പോൾ ഒരു സംഘത്തിന് ഒരുവോട്ട് എന്നതാണ് നിലവിലെ രീതി. ഒാഹരിമൂല്യമനുസരിച്ച് വോട്ടവകാശം പുനർനിർണ്ണയിക്കപ്പെട്ടാൽ ഇത് മാറും.
4. സംസ്ഥാനത്ത് 1609 സഹകരണബാങ്കുകളെ ഉൾപ്പെടുത്തിയാണ് കേരളബാങ്ക് രൂപരേഖ. നബാർഡ് നിർദ്ദേശമനുസരിച്ച് 10,115 മറ്റു സംഘങ്ങളെ കൂടി ഉൾപ്പെടുത്തുകയും ഒാഹരി മൂല്യമനുസരിച്ച് വോട്ടവകാശം പുനർനിർണ്ണയിക്കുകയും ചെയ്യേണ്ടിവന്നാൽ കേരള ബാങ്കിന്റെ നിയന്ത്രണം രാഷ്ട്രീയമായി നഷ്ടപ്പെടും.