തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് അവസാനിച്ചു. രണ്ടാം ദിനവും തലസ്ഥാന നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. വൈകിട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നു പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് മാർച്ച് നടത്തി. രാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നു പിരിഞ്ഞു പോയത്.

ഇന്നലെയും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. എന്നാൽ ഉച്ചയോടെ ടാക്സികളും ആട്ടോകളും നിരത്തിലിറങ്ങി. രാവിലെ സ്റ്റാച്യുവിലെ എസ്.ബി.ഐ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ സർവീസ് നടത്തിയ ആട്ടോ, ടാക്‌സികൾ സമരാനുകൂലികൾ തടയുകയും ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കുകയും ചെയ്തു. ശ്രീചിത്ര, ആർ.സി.സി, മെഡിക്കൽകോളേജ് എന്നിവിടങ്ങളിലേക്ക് പോകാനായി എത്തിയവർ വലഞ്ഞു.

വിവിധയിടങ്ങളിൽ ട്രെയിനുകളും തടഞ്ഞു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ഉടമകൾ തയ്യാറായില്ല. ചാലക്കമ്പോളം ഇന്നലെയും നിശ്ചലമായിരുന്നു. എന്നാൽ ചില സ്ഥലങ്ങളിൽ കടകളും പെട്രോൾ പമ്പുകളും തുറന്നു.
തമ്പാനൂർ, വർക്കല, ചിറയിൻകീഴ് എന്നിവിടങ്ങളിലായി ട്രെയിനുകൾ തടഞ്ഞു. ഭൂരിഭാഗം സ്‌കൂളുകളും ഇന്നലെയും തുറന്നില്ല. സർക്കാർ ഓഫീസുകളിലും പൊതുമേഖല ബാങ്കുകളിലും ഹാജർനില കുറവായിരുന്നു. സെക്രട്ടേറിയറ്റിൽ 4860 ജീവനക്കാരിൽ 115 പേർ മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്. 12 ഡയറക്ടറേറ്റ് ഉൾപ്പെടെ 23 ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ് ഭവനും 400 ഓളം ജീവനക്കാരുള്ള ആരോഗ്യവകപ്പ് ഡയറക്ടറേറ്റും നിശ്ചലമായിരുന്നു. ഹൗസിംഗ് ബോർഡ് കെട്ടിടത്തിലെ എല്ലാ സർക്കാർ ഓഫീസുകളും അടഞ്ഞ് കിടന്നു. പി.എസ്.സിയിലും അമ്പതിൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളികൾ ഇന്നലെയും പണിമുടക്കിൽ പങ്കെടുത്തു. ഗ്രൗണ്ട് ഹാൻഡ്‌‌ലിംഗ്, കാർഗോ വിഭാഗത്തിലെ ജീവനക്കാരാണ് കൂടുതലും സമരത്തിൽ പങ്കാളിയായത്. ജീവനക്കാരില്ലാത്തതിനാൽ ഇന്നലെയും മൃഗശാല സന്ദർശകർക്കായി തുറന്ന് കൊടുത്തില്ല.


വനിതാ പോസ്റ്റ്മാസ്റ്ററെ തടഞ്ഞു

പണിമുടക്കിന്റെ രണ്ടാം ദിവസം പോസ്റ്റ്ഓഫീസ് തുറക്കാൻ അനുവദിക്കാതെ വനിതാ പോസ്റ്റ്മാസ്റ്ററെ തടഞ്ഞു. രാജ്ഭവനു സമീപമുള്ള ഗവർണേഴ്സ് ക്യാമ്പ് പോസ്റ്റ് ഓഫീസാണ് തുറക്കാൻ അനുവദിക്കാതെ ഒരുസംഘം സമരസമിതി പ്രവർത്തകർ വനിതാ പോസ്റ്റ്മാസ്റ്റർ അജിതകുമാരിയെ തടഞ്ഞത്. പണിമുടക്കിന്റെ ആദ്യദിവസം ഈ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവർത്തിച്ചിരുന്നു. റിക്കറിംഗ് ഡെപ്പോസിറ്റ് ഏജന്റുമാർ എത്തുമെന്നറിയിച്ചിരുന്നതിനാലാണ് ഇന്നലെയും ഓഫീസ് തുറക്കാൻ പോസ്റ്റ് മാസ്റ്റർ എത്തിയത്. എന്നാൽ പോസ്റ്റ്മാസ്റ്ററെ സമരക്കാർ തടഞ്ഞു. ഗേറ്റിനു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോസ്റ്റ്മാസ്റ്റർ സൂപ്രണ്ടിംഗ് ഓഫീസറെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് എത്തിയ മ്യൂസിയം പൊലീസ് പോസ്റ്റ് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന സമരക്കാരെ നീക്കുകയും ഓഫീസ് തുറക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.