rahul

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയിൽ യോഗ്യരായ യുവനേതാക്കൾക്ക് മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു വിഭാഗം യുവനേതാക്കൾ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്ക് കത്തയച്ചു.

കെ.പി.സി.സി പുന:സംഘടനാ ചർച്ചകൾ അണിയറയിൽ പുരോഗമിക്കവെയാണിത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാതെ രാഹുൽ ഇഫക്ടിൽ എളുപ്പം ജയിച്ചുകയറാമെന്ന വിശ്വാസത്തിലാണ് കേരളത്തിലെ പാർട്ടി നേതൃത്വമെന്ന് കത്തിൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പോരിൽ പാർട്ടിയെ നയിക്കാൻ കടുത്ത ഗ്രൂപ്പ് അനുഭാവികളായ പഴയ യോദ്ധാക്കളെ തന്നെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണവർ. പ്രായാധിക്യത്താൽ ആരോഗ്യപ്രശ്നം നേരിടുന്നവർ പോലും കൂട്ടത്തിലുണ്ട്. 10- 15 വർഷം ഡി.സി.സി പ്രസിഡന്റുമാരായിരുന്നവരും പതിനഞ്ച് വർഷത്തിലധികമായി കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായവരും വീണ്ടും കെ.പി.സി.സി ബർത്തിനായി മുന്നിൽ നിന്ന് ചരടുവലിക്കുന്നു.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അധികാരകേന്ദ്രങ്ങളായി നിന്ന മുൻ ഡി.സി.സി പ്രസിഡന്റുമാരെയും നിലവിലെ ചില കെ.പി.സി.സി ജനറൽസെക്രട്ടറിമാരെയും മുൻ മന്ത്രിമാരെയും മുൻ എം.എൽ.എമാരെയും മുൻ എം.പിമാരെയും സിറ്റിംഗ് എം.എൽ.എമാരെയും പുതുതായി ജനറൽസെക്രട്ടറിമാരാക്കാൻ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചതായാണ് വിവരം. പക്ഷേ ഒറ്റ ചെറുപ്പക്കാരനെ പോലും ജനറൽ സെക്രട്ടറിയാക്കില്ല. രാഹുൽഗാന്ധിയെ പോലെ ഊർജ്ജസ്വലനായ യുവനേതാവ് പാർട്ടിയെ നയിക്കുമ്പോഴാണിത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുവനേതാക്കൾക്ക് ഒന്നും ചെയ്യാനില്ലെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് കേരള നേതാക്കൾ. അന്ധമായ ഗ്രൂപ്പ് രാഷ്ട്രീയം കാരണം വർഷങ്ങളായി യൂത്ത് കോൺഗ്രസും കെ.എസ്.യുവും മരവിച്ചുകിടക്കുന്ന കേരളത്തിലാണിത് നടക്കുന്നതെന്നും യുവനേതാക്കൾ കത്തിൽ വിമർശിക്കുന്നു.