soo
സൂരജ്

കൊച്ചി: പത്തുവർഷം കൊണ്ട് വരവിന്റെ 314 ശതമാനം അധികം വരുമാനമുണ്ടാക്കിയെന്ന് തെളിവുകൾ സഹിതം വിജിലൻസ് കണ്ടെത്തിയതാണ് ടി.ഒ സൂരജിന് കുരുക്കായത്. പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് വിജിലൻസ് മേധാവിയായിരുന്ന ജേക്കബ് തോമസ് കേന്ദ്രസർക്കാരിനയച്ച അപേക്ഷ ഐ.എ.എസ് ലോബി ഒരുവർഷത്തിലേറെ സെക്രട്ടേറിയറ്റിൽ പൂഴ്‌ത്തിവച്ചിരുന്നു. ആയിരം പേജുള്ള കുറ്റപത്രം സഹിതമാണ് ജേക്കബ് തോമസ് കേന്ദ്ര ആഭ്യന്തര,പഴ്‌സണൽ മന്ത്രാലയങ്ങളിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി തേടിയത്.

പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് ആദ്യം അനുമതിതേടിയത് 2015 ഡിസംബറിലായിരുന്നു. കുറ്റപത്രത്തിന്റെയും രേഖകളുടേയും ഇംഗ്ളീഷ് പരിഭാഷയില്ലാതിരുന്നതിനാൽ അപേക്ഷമടക്കി. പിന്നീട് മുഴുവൻ രേഖകളും ഇംഗ്ളീഷിലാക്കി നൽകിയ അപേക്ഷയാണ് സെക്രട്ടേറിയറ്റിൽ പൂഴ്‌ത്തിയത്. രണ്ടുവർഷത്തോളം ശ്രമിച്ചശേഷം 2018 ജനുവരിയിലാണ് സൂരജിന് കുറ്റപത്രം നൽകാനായത്.

സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഏറ്റവുമധികം അനധികൃത സ്വത്തുണ്ടാക്കിയത് സൂരജാണെന്നാണ് വിജിലൻസ് കണ്ടെത്തിയത്. രജിസ്ട്രേഷൻ ഐ.ജി, തൃശൂർ,കോഴിക്കോട് കളക്ടർ,ടൂറിസം ഡയറക്‌ടർ എന്നീ പദവികൾ വഹിച്ച 1999-2004 കാലയളവിൽ സൂരജിന് പരിമിതമായ സമ്പാദ്യമേ ഉണ്ടായിരുന്നുള്ളൂ. 2005ൽ ഡെപ്യൂട്ടിസെക്രട്ടറി പദവി മാത്രമുണ്ടായിരിക്കേ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറായ സൂരജിന്റെ സമ്പാദ്യം പിന്നീട് കുതിച്ചു കയറുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. 51,520രൂപ പ്രതിമാസശമ്പളവും 120ശതമാനം ഡി.എയുമടക്കം ഒരുലക്ഷത്തോളം രൂപയേ വരുമാനമുള്ളൂ എന്നാണ് സൂരജ് സത്യവാങ്മൂലം നൽകിയിരുന്നത്. ഭാര്യ സുമയ്ക്ക് ജോലിയില്ല, മക്കൾ വിദ്യാർത്ഥികളാണ്. എന്നിട്ടും കണക്കിലില്ലാത്ത 11കോടിയുടെ സമ്പാദ്യം സൂരജിനുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

തിരുവനന്തപുരം,തൃശൂർ, കൊച്ചി, ഇടുക്കി ജില്ലകളിൽ ഭാര്യയുടെയും മക്കളുടെയുംപേരിൽ ഭൂമിയും ഫ്ളാറ്റുകളുമുണ്ട്. മകന്റെ പേരിൽ മംഗലാപുരത്ത് ആഡംബര ഫ്ളാ​റ്റുണ്ട്. കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന ഭൂമിയും ഗോഡൗണുമുണ്ട്. ആസ്തികളുടെ രജിസ്ട്രേഷൻ മൂല്യം കണക്കാക്കിയപ്പോഴാണ് 11കോടിയുടെ ആസ്തി. കമ്പോളവില ഇതിന്റെ ആറിരട്ടിയെങ്കിലും വരും. പത്തുവർഷത്തിനുള്ളിൽ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയതല്ലാതെ ഒന്നും വില്പന നടത്തിയിട്ടില്ല. വാടകയായി ഒരുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്- ഇങ്ങനെയായിരുന്നു വിജിലൻസ് കണ്ടെത്തൽ.

2014നവംബറിൽ സൂരജിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയാണ് വിജിലൻസ് അനധികൃത സമ്പാദ്യത്തിന്റെ രേഖകൾ പിടിച്ചത്. തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത 23ലക്ഷം രൂപയും 240ഗ്രാം സ്വർണാഭരണങ്ങളും പിടിച്ചിരുന്നു. തൃശൂർ വിജിലൻസ് കോടതിയുടെ സെർച്ച് വാറണ്ടുമായി എത്തിയ വിജിലൻസ് സംഘത്തെ സെക്രട്ടേറിയറ്റിൽ തടഞ്ഞത് അന്ന് വിവാദമായിരുന്നു.

മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകൻ റിസ്വാന് ഒരുകോടിയുടെ ഫ്ലാറ്റ് വാങ്ങി നൽകിയതും മറ്റൊരു മകന്റെ റേഡിയോളജി എം.ഡി പഠനത്തിന് കൊച്ചിയിലെ മെഡിക്കൽകോളേജിൽ 1.20കോടി തലവരി നൽകിയതും ജേക്കബ് തോമസ് കണ്ടെത്തിയിരുന്നു. ഇളയമകന്റെ എം.ബി.ബി.എസ് പഠനത്തിന് ഒരുകോടി മുടക്കിയെന്നും ആലുവയിലെ വമ്പൻവ്യവസായിയുടെ മകനുമായുള്ള മകളുടെ വിവാഹത്തിന് 600പവൻ സ്വർണാഭരണങ്ങളും കൊച്ചി കലൂരിനടുത്തെ ആഡംബരഫ്ലാറ്റും 25ലക്ഷംരൂപയും സ്ത്രീധനമായി നൽകിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിന് ഒന്നരക്കോടിയിലേറെ വിപണിവിലയുണ്ട്. സൂരജ് മറ്റുള്ളവരുടെ പേരിലെടുത്ത് സ്വന്തമായി ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളുടെ രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. കൺസ്ട്രക്‌ഷൻ കോർപറേഷൻ ചെയർമാനായിരിക്കേ ആയിരം കോടിരൂപയുടെ നിർമ്മാണകരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചും 19കോടിയുടെ റോഡ് സുരക്ഷാഫണ്ട് വകമാറ്റിയതിനെക്കുറിച്ചും സൂരജിനെതിരെ വിജിലൻസ് അന്വേഷണമുണ്ടായിരുന്നു.