1

വിഴിഞ്ഞം: റഷ്യയിൽ തിയേറ്റർ വർഷം 2019 ആചരിക്കുന്നതിന്റെ ഭാഗമായി റഷ്യൻ കൾച്ചറൽ സെന്ററിന്റെയും കോവളം ഉദയസമുദ്ര ഹോട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ അങ്കണത്തിൽ ഇന്ന് 'മിനി റഷ്യ' സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന പരിപാടിയിൽ കാഴ്ചയുടെയും രുചിയുടെയും വിരുന്നൊരുക്കി റഷ്യൻ നർത്തകരും റഷ്യൻ പാചക സംഘവും പരിപാടിയിൽ അണിനിരക്കും. ഇതിനു മുന്നോടിയായി റഷ്യൻ സംഘം ഇന്നലെ കോവളത്ത് എത്തി നൃത്ത പരിശീലനം നടത്തി. വിവിധ രാജ്യങ്ങളിൽ നടത്തിയ മത്സരങ്ങളിലും കഴിഞ്ഞ വർഷം ചൈനയിൽ നടത്തിയ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനവും നേടിയ സംഘമാണ് ഇന്ന് ഇവിടെ നൃത്ത പരിപാടി നടത്തുന്നത്. 'മിനി റഷ്യ'യുടെ പ്രതീതി നൽകുന്ന ഹോട്ടൽ അങ്കണത്തിൽ തയ്യാറാക്കിയ വേദിയിലാണ് ഡാൻസ് പരിപാടി അരങ്ങേറുന്നത്. ഇന്ത്യൻ വിഭവങ്ങളും റഷ്യൻ വിഭവങ്ങളും ഒത്തുചേർന്ന ഇൻഡോ-റഷ്യൻ ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും. റഷ്യൻ വിഭവങ്ങൾ തയ്യാറാക്കുന്നത് റഷ്യയിൽ നിന്നുള്ള പാചകക്കാരാണ്. ഭക്ഷണത്തിൽ ചേർക്കാനുള്ള വസ്തുക്കളും റഷ്യയിൽ നിന്നും എത്തിച്ചിട്ടുണ്ട്.