gst

തിരുവനന്തപുരം:കേരളത്തിന്റെ പ്രളയാനനന്തര പുനർനിർമ്മാണത്തിന് പണം കണ്ടെത്താൻ തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് ജി.എസ്.ടിയിൽ ഒരുശതമാനം അധികസെസ് ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾക്കായി ജി.എസ്.ടി.കൗൺസിൽ ഇന്ന് ഡൽഹിയിൽ ചേരും.

ദേശീയ തലത്തിൽ ജി.എസ്. ടി.ക്ക് മേൽ പ്രളയസെസ് പിരിക്കില്ലെങ്കിലും സംസ്ഥാന തലത്തിലെങ്കിലും സെസ് പിരിക്കാൻ അനുമതി നൽകുന്നത് 2017 ൽ നടപ്പാക്കിയ ജി.എസ്.ടി. നിയമത്തിലെ സുപ്രധാന വഴിത്തിരിവാണ്. ഭാവിയിൽ നിരവധി സംസ്ഥാനങ്ങൾക്ക് പ്രയോജനം ചെയ്‌തേക്കാവുന്ന തീരുമാനമാണിത്.

ഏതെല്ലാം ഉൽപന്നങ്ങളുടെ ജി.എസ്.ടിയിൽ പ്രളയസെസ് പിരിക്കാമെന്നും കൗൺസിൽ നിർദ്ദേശിച്ചേക്കും. ഞായറാഴ്ച ചേർന്ന കൗൺസിലിന്റെ ഉപസമിതിയാണ് പ്രളയസെസ് അനുവദിക്കാമെന്ന് നിർദ്ദേശിച്ചത്. ഇൗ നിർദ്ദേശത്തിന് കൗൺസിൽ അനുമതി നൽകുന്നതോടെ കേരളത്തിൽ പ്രളയസെസ് നിലവിൽ വരും. ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനർനിർമ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

ജി.എസ്. ടി. യിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ചെറുകിട വ്യവസായങ്ങളുടെ വാർഷിക ഇടപാട് പരിധി 20 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്താനുളള നിർദ്ദേശവും കൗൺസിൽ ഇന്ന് അംഗീകരിക്കും.

ഫ്ളാറ്റ്, ഭവന നിർമ്മാണ സമാഗ്രികളുടെ ഇൻപുട്ട് ടാക്സ് എട്ട് ശതമാനത്തിൽ നിന്ന് ഉയർത്താതെ തന്നെ ജി.എസ്. ടി 12 ൽ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കാനുള്ള നിർദ്ദേശവും ഇന്ന് പരിഗണിക്കും. ഫ്ളാറ്റുകളുടെ വില ഗണ്യമായി കുറയാൻ ഇത് വഴിയൊരുക്കും.