. മാപ്പപേക്ഷയുമായി ഹാർദിക് പാണ്ഡ്യ
മുംബയ്: ടിവി ചാനൽ ടോക് ഷോയിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും ബി.സി.സി.ഐ കാരണം കാണിക്കൽ നോട്ടീസ് നൽകി. സോഷ്യൽ മീഡിയയിലൂടെ താങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നതോടെ ഹാർദിക് പാണ്ഡ്യ മാപ്പപേക്ഷയുമായി രംഗത്തെത്തി.
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന പ്രസിദ്ധമായ ഷോയിലാണ് കഴിഞ്ഞ ദിവസം പാണ്ഡ്യയും ലോകേഷും അതിഥികളായെത്തിയത്. സ്ത്രീകളെക്കുറിച്ചുള്ള കരണിന്റെ ചോദ്യങ്ങൾക്ക് അശ്ളീലം കലർന്ന മറുപടികളാണ് പാണ്ഡ്യ നൽകിയത്. ഇൗ ഉത്തരങ്ങൾ പൊട്ടിച്ചിരിയോടെ സ്വയം ആസ്വദിക്കുകയും ചെയ്തു. ലോകേഷ് രാഹുൽ അത്ര കടുത്ത പ്രയോഗങ്ങൾ ഒന്നും നടത്തിയില്ലെങ്കിലും പാണ്ഡ്യയുടെ വിടുവായത്തം ലോകേഷിനും പണി നൽകുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഷോ ചാനലിൽ സംപ്രേഷണം ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയായിരുന്നു. മാന്യതയില്ലാത്ത രീതിയിലാണ് പാണ്ഡ്യ സംസാരിക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റർക്ക് ചേർന്ന രീതിയല്ല ഇതെന്നും വിമർശനങ്ങളുണ്ടായി. ഇതോടെയാണ് ഇരുവർക്കും നോട്ടീസയയ്ക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ചാനൽ ഷോകളിൽ തങ്ങൾ പങ്കെടുക്കരുതെന്ന് ബി.സി.സി.ഐ വ്യവസ്ഥ കൊണ്ടുവരുമെന്നും സൂചനയുണ്ട്.
വിശദീകരണം തേടിയതിന് പിന്നാലെ പാണ്ഡ്യ മാപ്പപേക്ഷയുമായി രംഗത്തുവന്നു. ഷോയിൽ ആവേശം കയറിയപ്പോൾ പറ്റിപ്പോയ അബദ്ധമാണെന്നാണ് പാണ്ഡ്യ പറഞ്ഞത്.
നാക്കിന് എല്ലില്ലാത്ത പാണ്ഡ്യ
തന്നോടൊപ്പം പാർട്ടികളിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് താൻ ചോദിക്കാറില്ലെന്ന് പാണ്ഡ്യ പറഞ്ഞപ്പോൾ കരൺ ജോഹർ കാരണം ചോദിച്ചു. സ്ത്രീകളുടെ അംഗചലനങ്ങൾ വീക്ഷിക്കാനാണ് തനിക്ക് താത്പര്യമെന്നായിരുന്നു പാണ്ഡ്യയുടെ മറുപടി.
തന്റെ ചാരിത്ര്യം നഷ്ടമായ ദിവസം നേരെ വീട്ടിൽ ചെന്ന് അക്കാര്യം മാതാപിതാക്കളോട് തുറന്നു പറഞ്ഞിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞിരുന്നു. പാർട്ടിയിലും മറ്റും കണ്ടുമുട്ടുന്ന പെൺകുട്ടികളെക്കുറിച്ച് മാതാപിതാക്കളോട് എന്ത് കമന്റും പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും പാണ്ഡ്യ തുറന്നടിച്ചു. ഇരുവർക്കും ഒരേ സ്ത്രീയുമായി പ്രണയിക്കാൻ അവസരം ലഭിച്ചാൽ ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ അത് സ്ത്രീ തീരുമാനിക്കുമെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ കഴിവുള്ളവന് കാമുകിയെക്കിട്ടുമെന്ന് പാണ്ഡ്യ പറഞ്ഞു. ഇൗ പരാമർശങ്ങളൊക്കെ വൻ വിവാദമായി മാറി.