ന്യൂഡൽഹി : കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിന്റെ പേരിൽ ഇന്ത്യൻ ഹോക്കി ടീം പരിശീലകസ്ഥാനത്തുനിന്ന് ഹരേന്ദ്രസിംഗിനെ പുറത്താക്കി. സീനിയർ ടീമിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിയ ഹരേന്ദ്രയ്ക്ക് താത്പര്യമുണ്ടെങ്കിൽ ജൂനിയർ ടീമിന്റെ പരിശീലകനാകാമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചിട്ടുണ്ട്.
നേരത്തെ ജൂനിയർ ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കിയ കോച്ചായ ഹരേന്ദ്ര കഴിഞ്ഞ മേയിൽ കോമൺവെൽത്ത് ഗെയിംസിന് മുമ്പാണ് സീനിയർ ടീമിന്റെ ചുമതല ഏറ്റെടുത്തിരുന്നത്.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മെഡൽ നേടാനായില്ല. ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലത്തിലൊതുങ്ങേണ്ടിവന്നു. വർഷാവസാനം ഭുവനേശ്വറിൽനടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്താവേണ്ടിയും വന്നു. ഇതോടെയാണ് ഹരേന്ദ്രയുടെ കസേര തെറിച്ചത്.
പുതിയ പരിശീലകനെത്തേടി ഉടൻ പരസ്യം ചെയ്യുമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചിട്ടുണ്ട്. മാർച്ചിലെ സുൽത്താൻ അസ്‌ലൻഷാ കപ്പിനുവേണ്ടിയുള്ള ക്യാമ്പ് അടുത്ത മാസം തുടങ്ങുന്നുണ്ട്. അതിനുമുമ്പ് പുതിയ കോച്ചിനെ നിയമിക്കും.