തിരുവനന്തപുരം: ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. കരിക്കകം അറപ്പുരവിളാകം പുതുവൽപുത്തൻ വീട്ടിൽ എയർപോർട്ട് ജീവനക്കാരൻ അരുൺ ഗോപിനാഥിന്റെ ഭാര്യ സ്വപ്നകുമാരി എന്ന അശ്വതി (30), ഏക മകൾ ആത്മിക എസ് .നായർ (5) എന്നിവരാണ് വീടിനടുത്തുള്ള ട്രാക്ക് മുറിച്ചുകടക്കവേ അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി ഏഴോടെ പേട്ട കരിക്കകം ഭാഗത്താണ് അപകടം. സ്വപ്നകുമാരിയുടെ കുടുംബവീട് റെയിൽവേ ട്രാക്കിന് മറുഭാഗത്താണ്. ഇന്നലെ പകൽ ഇവർ കുടുംബവീട്ടിൽ പോയിരുന്നു. വൈകിട്ട് സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം

ട്രെയിൻ ഇടിച്ച് ദൂരേക്കു തെറിച്ചുവീണ ഇരുവരെയും ഏറെനേരം കഴിഞ്ഞാണ് ആളുകൾ കണ്ടത്. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മാവേലി എക്സ്പ്രസ് ആകാം ഇടിച്ചതെന്ന് പേട്ട പൊലീസ് പറഞ്ഞു. അപകടം നടന്ന ഭാഗത്തിനു തൊട്ടടുത്ത് ട്രാക്കിന് വളവായതിനാൽ ദൂരെ നിന്ന് ട്രെയിൻ വരുന്നത് കാണാൻ കഴിയില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.