തിരുവനന്തപുരം : കരിക്കകം അറപ്പുരവിളാകത്ത് ട്രെയിൻ തട്ടി അമ്മയും മകളും മരിച്ച സംഭവം റയിൽവേയുടെ അനാസ്ഥമൂലമാണെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. റെയിൽവേ പാളത്തിനു സമീപം കാഴ്ചമറച്ച് ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന കാട്ടുപുല്ലാണ് അറപ്പുരവിളാകം പുതുവൽപുത്തൻ വീട്ടിൽ അരുൺഗോപിനാഥിന്റെ ഭാര്യ അശ്വതി എന്നു വിളിക്കുന്ന സ്വപ്നകുമാരിയുടെയും ഏക മകൾ ആത്മിക എസ് .നായരുടെയും മരണത്തിനിടയാക്കിയതെന്നാണ് പ്രധാന ആരോപണം. കാട്ടുപുല്ല് കാരണം ട്രെയിൻ വരുന്നത് കാണാതെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഏഴോടെ ക്ഷേത്രത്തിൽ നിന്നും സ്വന്തം വീട്ടിലെത്തി പുറത്തെ ലൈറ്റ് ഇട്ടശേഷം റയിൽവേ പാളം കടന്ന് കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്വപ്നകുമാരിയും മകളും അപകടത്തിൽപ്പെട്ടത്.

ഭർത്താവ് അരുൺ ജോലികഴിഞ്ഞ് മടങ്ങിയെത്താൻ താമസിക്കുമെന്നതിനാലാണ് സ്വപ്നകുമാരിയും മകളും കുടുംബവീട്ടിലേക്ക് പോയത്.

മുൻപും ഈ മേഖലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റുമാർ ഇവിടെ എത്തുമ്പോൾ ഹോൺ മുഴക്കാറുണ്ട്. എന്നാൽ ഇന്നലെ അതുണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു. പാളത്തിന് സമീപം വളർന്നുനിൽക്കുന്ന പുല്ല് വെട്ടിക്കളയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റെയിൽവേ അധികൃതരെ സമീപിച്ചെങ്കിലും അവഗണനയായിരുന്നു ഫലം. ഈ ഭാഗത്തു മേൽപാലം നിർമിയ്ക്കണമെന്ന് റസിഡന്റസ് അസോസിയേഷൻ അപേക്ഷ നൽകിയിരുന്നെങ്കിലും അതും നടന്നില്ലെന്ന് റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ജയകുമാർ പറഞ്ഞു.