makarajyothi

ശബരിമല: മകരവിളക്ക് ദർശിക്കാൻ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടുന്ന പമ്പ ഹിൽ ടോപ്പിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംയുക്ത പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

മകരവിളക്ക് ദർശിക്കുന്നതിന് തീർത്ഥാടകർ വലിയ തോതിൽ എത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഹിൽടോപ്പ്. മഹാപ്രളയത്തെ തുടർന്ന് ഭൂമിയുടെ ഘടന മാറിയതാണ് മണ്ണടിച്ചിൽ ഭീഷണി ഉയർത്തുന്നത്. തകർന്നടിഞ്ഞ പമ്പയിൽ ഇത്തവണ മകരവിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ തീർത്ഥാടകർ കൂടുതലായും തടിച്ചു കൂടുന്നത് ഹിൽ ടോപ്പിലായിരിക്കും.

ഹിൽ ടോപ്പിന് പുറമെ തീർത്ഥാടകർ തടിച്ചുകൂടുന്ന എല്ലാ സ്ഥലങ്ങളിലും, മകരവിളക്ക് വ്യൂ പോയിന്റുകളായ അയ്യൻമല, നെല്ലിമല, പഞ്ഞിപ്പാറ, അട്ടത്തോട് കോളനി, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് പടിഞ്ഞാറേക്കര, ഇലവുങ്കൽ എന്നിവിടങ്ങളിലും അപകടങ്ങൾ ഒഴിവാക്കുന്നതിന് ശക്തമായ സുരക്ഷയൊരുക്കും. ഇവിടങ്ങളിൽ വെളിച്ചം നൽകുന്നതിന് ആവശ്യമായ നടപടി പുരോഗമിക്കുകയാണ്. ആസ്‌കാ ലൈ​റ്റ്, വൈദ്യുതി വിളക്കുകൾ എന്നിവ ക്രമീകരിക്കും.

അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും സംവിധാനം ഏർപ്പെടുത്തും. സ്‌ട്രച്ചർ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പസേവാ സംഘം, ശബരിമല സാനി​റ്റേഷൻ സൊസൈ​റ്റി പ്രവർത്തകർക്ക് പരിശീലനം നൽകി വ്യൂ പോയിന്റുകളിൽ നിയോഗിക്കും.

ഇതാദ്യമായാണ് വ്യൂ പോയിന്റുകളിൽ സ്ട്രച്ചർ സേവനം ഏർപ്പെടുത്തുന്നത്. പ്രഥമ ശുശ്രൂഷ, ആംബുലൻസ് സേവനങ്ങൾ എന്നിവ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും. ഇവിടങ്ങളിൽ ഉച്ചഭാഷിണികളും സ്ഥാപിക്കും. എല്ലാ വ്യൂ പോയിന്റുകളിലും ഡെപ്യൂട്ടി തഹസീൽദാർമാരുടെ നേതൃത്വത്തിൽ പൊലീസ്, ആരോഗ്യം, ഫയർ, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യും.

മുൻകരുതൽ നടപടി സ്വീകരിക്കും

ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടമുണ്ടാകാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കും. മകരവിളക്കിനോട് അനുബന്ധിച്ച് വ്യൂ പോയിന്റുകളിൽ ഉൾപ്പെടെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ പ്രൊഫഷണലായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ അടിയന്തര സഹായ കേന്ദ്രങ്ങളുമായി യോജിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പി.ബി.നൂഹ്, പത്തനംതിട്ട ജില്ലാ കളക്ടർ‌