പന്തളം: അയ്യപ്പ ഭക്തൻ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് പ്രസിഡന്റ് തുമ്പമൺ ചുട്ടിപ്പാറയിൽ അബീഷ് (32), ട്രഷറർ ഉള്ളന്നൂർ പമ്പൂർ വടക്കേതിൽ ശ്രീഹരി (24), എസ്.എഫ്.ഐ പന്തളം ഏരിയാ സെക്രട്ടറി തോന്നല്ലൂർ ഉളമയിൽ ഷഫീക്ക് (20) എന്നിവരാണ് അറസ്റ്റിലായത്.
പന്തളം ഉളമയിൽ വാക്കയിൽ കോയിക്കൽ തെക്കേപ്പുരയിൽ കണ്ണൻ (30), കുളനട ഉളനാട് താഴേപുതുപ്പറമ്പിൽ അജു (22) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
രണ്ടാം തീയതി വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ശബരിമല കർമ്മ സമിതി പ്രവർത്തകർക്ക് നേരെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് കോൺക്രീറ്റ് കട്ടകളും കല്ലുകളും സോഡാക്കുപ്പിയും വലിച്ചെറിയുകയായിരുന്നു. കല്ല് തലയിൽ വീണു പരിക്കേറ്റാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത്.