കോട്ടയം: ചന്ദന വേരുകൾ പിഴുതു കടത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിലായി. ചിന്നക്കനാൽ സൂര്യനെല്ലികുടി ഗോത്രവർഗ കോളനി സ്വദേശികളായ രജനി (35), മുരുകൻ (45) എന്നിവരെയാണ് മറയൂർ റേഞ്ച് ഓഫീസർ ജോബ്. ജെ. നര്യാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ ഉച്ചയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ദേവികുളം കോടതിയിൽ ഹാജരാക്കും. മൂന്ന് ചന്ദനവേരുകൾ പിഴുതെടുത്ത് കടത്തിയ കേസിൽ മറയൂർ നെല്ലിപ്പെട്ടി കുടിയിലെ ആറുമുഖത്തെ നേരത്തെ പിടികൂടിയിരുന്നു. ആറുമുഖത്തിനെ ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ഡിസംബർ 22നാണ് ആറുമുഖത്തെ വനംവകുപ്പ് പിടികൂടിയത്. ഇയാൾ വനംവകുപ്പിലെ ചന്ദനക്കാടുകൾ സംരക്ഷിക്കാൻ നിയോഗിച്ചിരുന്ന താത്ക്കാലിക ജീവനക്കാരനായിരുന്നു.
ഡിസംബർ 19 നാണ് മറയൂർ റേഞ്ചിൽ നാച്ചി വയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമ്പലപാറ ഭാഗത്തുള്ള ചന്ദനക്കാടിൽ നിന്ന് മൂന്ന് ചന്ദന കുറ്റികൾ പിഴുത് കടത്തിയത്.
ആറുമുഖം ഒളിപ്പിച്ചു വച്ചിരുന്ന 10 കിലോ ചന്ദന വേരുകൾ വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇയാൾ മറയൂർ ചന്ദനക്കാടിൽ നിന്ന് കടത്തുന്ന ചന്ദനം രജനിയും മുരുകനും വാങ്ങി വനത്തിലൂടെയും മലമ്പാതകളിലൂടെയും തലച്ചുമടായി മാങ്കുളം ഭാഗത്ത് എത്തിച്ച് മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.
ഒരു തവണ ചന്ദനമെത്തിച്ചു നൽകിയാൽ ഇവർക്ക് 15,000 രൂപ വീതം ലഭിക്കും. മുമ്പും പല തവണ ഇത്തരത്തിൽ ചന്ദനം കടത്തിയിരുന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. മുമ്പ് കഞ്ചാവ് കേസുകളിൽ രജനി ഉൾപ്പെട്ടിരുന്നതായി വനം വകുപ്പ് അധികൃതർ പറയുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. നിസാം, ഷിബു. പി.ആർ, ഗോകുൽദാസ്, സുധീഷ് കുമാർ, ജിന്റോ മോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.