ആലുവ: ഏലൂക്കരയിൽ പുഴയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം സൂക്ഷിച്ച ആലുവ ജില്ലാ ആശുപത്രിയിലെ ഫ്രീസർ ഓൺ ചെയ്തില്ലെന്ന് ആക്ഷേപം. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതി. ഇന്നലെ ഏലൂക്കരയിൽ കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ആലുവ കൊടികുത്തുമലയിൽ വാടകയ്ക്ക് താമസിക്കുന്ന എടത്തല കുഴുവേലിപ്പടി കാരോത്തുകുഴി വീട്ടിൽ അബ്ദുൽ സലാമിന്റെ മകൻ അബ്ദുള്ളയുടെ (20) മൃതദേഹമാണ് ഒരു രാത്രി മുഴുവൻ ഫ്രീസർ ഓൺ ചെയ്യാതെ സൂക്ഷിച്ചത്.

ഇന്ന് രാവിലെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ ബിനാനിപുരം പൊലീസും യുവാവിന്റെ ബന്ധുക്കളും എത്തിയപ്പോഴാണ് ഫ്രീസർ ഓൺ ചെയ്തിരുന്നില്ലെന്ന് വ്യക്തമായത്. ആശുപത്രി അധികൃതരുടെ നടപടി മൃതദേഹത്തോടുള്ള ആനാദരവാണെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ മൃതദേഹം സൂക്ഷിക്കുമ്പോൾ മുഴുവൻ സമയവും ഫ്രീസർ ഓൺ ചെയ്യാറില്ലെന്നും ഇടയ്ക്ക് ഓഫ് ചെയ്യുന്നത് പതിവാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഏലൂക്കര മണ്ണാറത്തറ കുളിക്കടവിലായിരുന്നു അപകടം. അബ്ദുള്ള കൂട്ടുകാരോടൊത്ത് ഇടയ്ക്കിടെ ഇവിടെ കുളിക്കാൻ വരാറുണ്ട്. പതിവുപോലെ വെള്ളത്തിലിറങ്ങിയ അബ്ദുള്ള ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും ബിനാനിപുരം പൊലീസുമെത്തിയാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.പിതാവ്: അബ്ദുൾ സലാം. മാതാവ്: ഷരീഫ. സഹോദരി: ഫൻസി.