കോട്ടയം: കമ്പത്തുനിന്ന് കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് റബർതോട്ടങ്ങളിൽ കുഴിച്ചിട്ടശേഷം ചെറു പൊതികളാക്കി വില്പന നടത്തിവന്ന സംഘം അറസ്റ്റിൽ. പുന്നത്തുറ പുന്നവേലിതടത്തിൽ പൊട്ടാസ് ജോമോൻ എന്നു വിളിക്കുന്ന ജോമോൻ മാത്യു (29), പുന്നത്തുറ കമ്പനിമലയിൽ പൾസർ കണ്ണൻ എന്നു വിളിക്കുന്ന അനിൽകുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഏറ്റുമാനൂർ സി.ഐ എ.ജെ.തോമസ്, എസ്.ഐ കെ.ആർ.പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രണ്ടു കിലോ അഞ്ചു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കമ്പത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കഞ്ചാവ് കൊണ്ടുവരുന്നത്. സാധാരണ രണ്ടു പേരുംകൂടി അഞ്ചുകിലോ കഞ്ചാവാണ് എത്തിക്കുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇത് അര കിലോ വീതം ചെറു പൊതികളിലാക്കി റബർ തോട്ടങ്ങളിലും ആൾപാർപ്പില്ലാത്ത പുരയിടങ്ങളിലും കുഴിച്ചിടുകയാണ് പതിവ്. ആവശ്യക്കാർ എത്തുമ്പോൾ മാന്തിയെടുത്ത് തൂക്കി നല്കുകയാണ് പതിവ്. പുന്നത്തുറ മന്നാകുളം ഭാഗത്ത് റബർതോട്ടത്തിൽ കഞ്ചാവ് കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ സന്ദേശം. തുടർന്ന് ഒരാഴ്ചയോളം സ്ഥലം നിരീക്ഷിച്ചശേഷമാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയതും യുവാക്കൾ പിടിയിലായതും.