കൊല്ലം ബൈപ്പാസ്
ഈ മാസം 15 ന് വൈകുന്നേരം 5.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയുടെ നിർദ്ദേശപ്രകാരം മോർത്തിന്റെ ( കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് )ഉന്നത ഉദ്യോഗസ്ഥർ, കേരള പി.ഡബ്ളിയു.ഡി സെക്രട്ടറി കമലാവർദ്ധനറാവു എന്റെ ഔദ്യോഗിക വസതിയിൽ എത്തി പരിപാടിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര സർക്കാർ അംഗീകരിച്ച പ്രോഗ്രാം നോട്ടീസിൽ 45 മിനിട്ട് നേരത്തെ വേദിയിലെ പരിപാടികൾ സമർപ്പിക്കുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തു. കൂടുതൽ ഭേദഗതികളൊന്നും ഞാൻ നിർദ്ദേശിച്ചില്ല. പരിപാടിയിൽ വിട്ടുപോയ മന്ത്രി കെ. രാജുവിനെയും മേയർ രാജേന്ദ്രബാബുവിനെയും കൂടി പ്രോഗ്രാം നോട്ടീസിൽ ഉൾപ്പെടുത്തണം എന്നു മാത്രം നിർദ്ദേശിച്ചു. തുടർന്ന് വിവരം മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ധരിപ്പിച്ചു.
ജനുവരി 1-ാം തീയതി മോർത്തിൽ നിന്ന് കേരള പി.ഡബ്ളിയു.ഡിയുടെ നാഷണൽ ഹൈവേ ചീഫ് എൻജിനിയർക്ക് ലഭിച്ച ഇ - മെയിൽ സന്ദേശത്തിൽ പ്രധാനമന്ത്രി വരാൻ സാദ്ധ്യതയുണ്ടെന്ന് മാത്രം അറിയിച്ചിരുന്നു. ജനുവരി 7-ാം തീയതി എസ്.പി.ജി അഡിഷണൽ ഐ.ജി സുനിത്ത് സിന്ധി എസ്.പി.ജി ഡയറക്ടർക്ക് വേണ്ടി ചീഫ് സെക്രട്ടറിക്ക് അയച്ച സന്ദേശത്തിൽ ജനുവരി 15ന് പ്രധാനമന്ത്രി കൊല്ലം സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. അതിൽ ബൈപാസ് ഉദ്ഘാടനത്തെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് മേല്പറഞ്ഞ എട്ടാം തീയതിയിലെ സന്ദർശനവും പരിപാടികളും സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രിയുടെ പരിപാടി സ്ഥിരീകരിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ വരവിനെ സഹർഷം സ്വാഗതം ചെയ്യുകയുണ്ടായി. പി.ഡബ്ളിയു.ഡി സെക്രട്ടറിയും സംസ്ഥാനത്തെ ദേശീയപാത ചീഫ് എൻജിനിയറും ഡി.ജി.പിയും ചീഫ് സെക്രട്ടറിയും എസ്.പി.ജി ഓഫീസറും മോർത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് പരിപാടികളുടെ ക്രമീകരണം വരുത്താൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം ബൈപാസിന്റെ പേരിൽ നടക്കുന്ന സംസ്ഥാന സർക്കാർ വിരുദ്ധ വിവാദങ്ങൾ അടിസ്ഥാനരഹിതവും ഒഴിവാക്കേണ്ടതുമാണ്. ഇതൊരു കക്ഷി രാഷ്ട്രീയ പ്രശ്നമല്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള നവകേരള നിർമ്മിതിയുടെ ഭാഗമായിട്ടാണ് ബൈപാസിനെ കാണേണ്ടത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർമാരുടെ അതിമഹത്തായിട്ടുള്ള ഒരു നിർമ്മാണമാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് നിർമ്മാണം ആരംഭിച്ചത്. 30 ശതമാനം ആണ് പൂർത്തിയായത്. (2013 - 14, 2014 - 15, 2015 - 16) 37 കോടി രൂപയും നൽകി. ബാക്കി 70 ശതമാനം പണികൾ ഇപ്പോഴത്തെ പിണറായി സർക്കാർ പൂർത്തിയാക്കി. 82 കോടി രൂപയും നൽകി. ബാക്കി 58 കോടി രൂപ കൂടി ഇടതുപക്ഷ സർക്കാർ ഉടനെ നൽകും. ഈ സർക്കാരിന്റെ കാലത്ത് 140 കോടിയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 37 കോടി രൂപയുമാണ് നൽകുന്നത്. ആകെ സംസ്ഥാനം നൽകേണ്ടത് 176 കോടി രൂപയാണ്. കേന്ദ്രവും അത്രയും തുക തന്നെ നൽകണം. ആകെ അടങ്കൽ 352 കോടി.
കഴിഞ്ഞ സർക്കാർ തുടങ്ങിയത് മൂന്ന് വർഷക്കാലമെടുത്തിട്ടും 30 ശതമാനമേ തീർന്നുള്ളൂ. എന്നാൽ ഈ സർക്കാർ രണ്ടര വർഷം കൊണ്ട് ബാക്കി 70 ശതമാനം പൂർത്തീകരിച്ച് ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരിക്കുകയാണ്. ഈ വസ്തുതയാണ് ജനങ്ങൾ അറിയേണ്ടത്. കക്ഷി വ്യത്യാസം ഇല്ലാതെ എല്ലാവരും ജനങ്ങളെ അറിയിക്കേണ്ടതും ഈ വസ്തുതകളാണ്. കഴിഞ്ഞ സർക്കാർ തുടങ്ങിയില്ലായിരുന്നെങ്കിൽ ഇത് ഞങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ മറ്റ് നിരവധി മരാമത്ത് പദ്ധതികൾ പോലെ കൊല്ലം ബൈപാസും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫലപ്രാപ്തിയിൽ എത്താതെ പോകുകയാണ് ഉണ്ടായത്. എന്നാൽ ഈ സർക്കാർ അത് സഫലമാക്കി. യു.ഡി.എഫും ബി.ജെ.പിയും ഈ കാര്യത്തിൽ ഞങ്ങളോട് മാന്യമായും സ്നേഹമായും പെരുമാറേണ്ട സാഹചര്യമാണ് ഉള്ളത്. അല്ലാതെ പെരുമാറുന്നവരെ അസത്യം പറയുന്നവരായി ചരിത്രവും ജനങ്ങളും മുദ്രകുത്തിക്കൊള്ളും. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗതിവേഗമാണെങ്കിൽ - 30 ശതമാനത്തിന് മൂന്ന് വർഷമെങ്കിൽ - 70 ശതമാനത്തിന് ഏഴ് വർഷമെങ്കിലും വേണം. 2023 ൽ മാത്രമേ തീരുകയുള്ളായിരുന്നു. കാലതാമസം ഒഴിവാക്കിയ ഇടതുപക്ഷ സർക്കാർ കാലതാമസം ഉണ്ടാക്കി എന്ന് പറയുന്നത് ഒരു ജനപ്രതിനിധി ആണെങ്കിൽ അദ്ദേഹം നുണപറയുകയാണ്, സ്ഥാനം നുണപറയാൻ ദുരുപയോഗപ്പെടുത്തുകയാണ്.
കൊല്ലം ബൈപാസിലെ മൂന്ന് പാലങ്ങൾ - അരവിള പാലം, നീരാവിൽ പാലം, കടവൂർ പാലം - എന്നിവയ്ക്ക് 43 സ്പാനുകൾ ഉണ്ട്. 43 സ്പാനുകളും ഞാൻ മന്ത്രിയായ ശേഷം എന്റെ വകുപ്പിൽപ്പെട്ട ദേശീയപാത എൻജിനിയർമാരാണ് നിർമ്മിച്ചത്. എന്നാൽ അവയുടെ ബെയ്സ്മെന്റുകളുടെ പണി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. ബെയ്സ്മെന്റുകളുടെ 24 ശതമാനം പണിയാണ് കഴിഞ്ഞ സർക്കാർ പൂർത്തീകരിച്ചത്. ബെയ്സ്മെന്റുകളുടെ 66 ശതമാനം പണിയും 43 സ്പാനുകൾ പൂർണമായും നിർമ്മിച്ചത് എന്റെ വകുപ്പിലെ എൻജിനിയർമാരാണ്. പിണറായി സർക്കാരാണ്. ഇത് അവകാശവാദമല്ല. വസ്തുതയാണ്.
യു.ഡി.എഫ് ആരംഭിച്ച നിർമ്മാണം കാലതാമസവും അഴിമതിയും ഒഴിവാക്കി പിണറായി സർക്കാർ അതിവേഗത്തിൽ പൂർത്തീകരിച്ച് കൊല്ലത്തിനും സംസ്ഥാനത്തിനും ഇന്ത്യൻ ദേശീയ പാതയ്ക്കും സമർപ്പിച്ചിരിക്കുകയാണ്. കൊല്ലം ബൈപാസിന് വേണ്ടി നിരവധി മഹത് വ്യക്തികൾ പല തരത്തിൽ പ്രവർത്തിച്ചിരുന്നു. ആദ്യഘട്ടങ്ങളിൽ ടി.കെ. ദിവാകരൻ, പി.കെ.കെ. ബാവ, പി. രാജേന്ദ്രൻ, കെ.എൻ. ബാലഗോപാൽ എന്നിവർ പ്രവർത്തിച്ചു. മാറിമാറി വന്ന എം.പിമാർ പ്രവർത്തിച്ചു. ഇപ്പോൾ എം.പിമാരായ പ്രേമചന്ദ്രൻ, സോമപ്രസാദ്, എം.എൽ.എമാരായ വിജയൻപിള്ള, നൗഷാദ്, മുകേഷ്, ജില്ലയിലെ മന്ത്രിമാരായ മേഴ്സിക്കുട്ടിഅമ്മ, കെ. രാജു, മുൻ മന്ത്രി പി.കെ. ഗുരുദാസൻ എന്നിവരെല്ലാം അവരുടേതായ സംഭാവനകൾ നൽകിവന്നു. കൊല്ലത്തെ മേയർമാർ വലിയ പങ്ക് വഹിച്ചു. കൊല്ലത്തെ രാഷ്ട്രീയ പാർട്ടികളും ബഹുജന പ്രസ്ഥാനങ്ങളും വ്യാപാരി വ്യവസായികൾ അടക്കമുള്ള പൗരപ്രമുഖരും ജനത ഒന്നടങ്കവും പങ്ക് വഹിച്ചു. എന്റെ വകുപ്പിലെ മരാമത്ത് ഉദ്യോഗസ്ഥർ വഹിച്ച പങ്ക് ചരിത്രത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. അടിസ്ഥാന വികസനത്തിനും നവകേരളം കെട്ടിപ്പടുക്കുന്നതിനും ദീർഘവീക്ഷണത്തോടെ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർഭോചിതമായ ഇടപെടലുകളും ഉറച്ച നേതൃത്വവും പൊതുമരാമത്ത് വകുപ്പിന് ലഭിച്ച ഏറ്റവും വലിയ പിന്തുണയായി എടുത്ത് പറയാൻ ആഗ്രഹിക്കുകയാണ്. ഈ ബൈപാസ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെ നിശ്ചയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സർവാത്മനാ സ്വാഗതം ചെയ്യുകയാണുണ്ടായത്. കേരളത്തിന്റെ സന്മനസും ഹൃദയ വിശാലതയും പ്രധാനമന്ത്രി മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊല്ലം ബൈപാസിന് ശില സ്ഥാപിച്ചത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയായിരുന്നു. അദ്ദേഹം ജനുവരി 15ന് നടക്കുന്ന ചടങ്ങിലും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.