കൊച്ചി: ഹർത്താലും പണിമുടക്കും വരുത്തിവച്ച സാമ്പത്തിക നഷ്ടം ചീട്ടുകളിയിലൂടെ തിരിച്ച് പിടിക്കാൻ ഇറങ്ങിത്തിരിച്ച വിരുതൻമാരെ കാത്തിരുന്നത് പൊലീസിന്റെ എട്ടിന്റെ പണി. നഗരത്തിൽ അതീവ രഹസ്യമായി നടന്നിരുന്ന ചീട്ടുകളി സംഘത്തെ പൊക്കാൻ ഷാഡോ പൊലീസ് കച്ചകെട്ടി ഇറങ്ങിയതോടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. പണിമുടക്ക്, ഹർത്താൽ ദിവസങ്ങളിൽ മാത്രം ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ പൂട്ടിക്കെട്ടാനായിരുന്നു ഷാഡോ പൊലീസിന്റെ രഹസ്യനീക്കം.

കടവന്ത്ര സ്വദേശികളായ രാധാകൃഷ്ണൻ (53) ,സുനിൽകുമാർ(42), നിഖിൽ (28), ഉദയാ കോളനി സ്വദേശി സുദീഷ് (36), പൊന്നുരുന്നി സ്വദേശി സതീശൻ (44) എന്നിവരെയാണ് അറസ്റ്റിലായത്. പലിശക്ക് പണമെടുത്താണ് സംഘം ചീട്ടുകളിയിൽ മുഴുകിയിരുന്നത്.
മുപ്പത്തിഒന്നായിരം രൂപയും, കളിക്കാനുപയോഗിച്ച ചീട്ടുകളും കണ്ടെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ചെട്ടിച്ചിറ ബിവറേജിന് സമീപത്തുള്ള രഹസ്യ താവളമാണ് ചീട്ട് കളിക്കാൻ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യലിനിടെയാണ് ഹർത്താലും പണിമുടക്കും വരുത്തിവച്ച സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ദയനീയ സ്വരത്തിൽ മറുപടിയെത്തിയത്. ഹർത്താൽ പണിമുടക്ക് ദിവസങ്ങളിൽ നടത്തപ്പെടുന്ന ഇത്തരം ചീട്ട് കളിക്ക് ആവശ്യമായ പണം പലിശയ്ക്ക് നൽകുന്ന സംഘവും ഇവർക്കിടയിൽ സജീവമായിരുന്നു.
ഇവരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ എം പി ദിനേശിന് പരിപസരവാസികൾ നൽകിയ വിവരത്തെ തുടർന്ന് ഷാഡോസംഘം നടത്തിയ തെരിച്ചിലിലാണ് സംഘം വലയിലായത്. ഷാഡോ എസ്.ഐ എ.ബി വിബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിൽ ലക്ഷങ്ങൾ വച്ച് ചീട്ടുകളിക്കുന്ന സംഘങ്ങൾ വ്യാപകമാണെന്ന് രഹസ്യവിവരമുണ്ട്.