നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലെ 102 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ഇന്ന് കോട്ടയ്‌ക്കകത്തു പ്രിയദർശിനി ഹാളിൽ നടക്കുന്ന ജില്ലാ പട്ടയമേളയിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നൽകും. ഇതിൽ 21 കുടുംബങ്ങൾ കരമന - കളിയിക്കാവിള പാതവികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലത്തു നിന്നും മൂക്കുന്നിമലയ്‌ക്കു സമീപത്തെ സർക്കാർ പുറമ്പോക്കിലേക്കു മാറ്റിയവരാണ്. അവിടെ ഓരോ കുടുംബത്തിനും നൽകിയ മൂന്ന്‌ സെന്റ് വീതം സ്ഥലത്തിനാണ് പട്ടയം നൽകുന്നത്. വെള്ളറട, പെരുങ്കടവിള, കരുംകുളം, അതിയന്നൂർ, ബാലരാമപുരം, പൂവാർ, കോട്ടുകാൽ, കാഞ്ഞിരംകുളം, പാറശ്ശാല, പള്ളിച്ചൽ, കുളത്തൂർ, കാരോട് എന്നീ വില്ലേജുകളിലെ മറ്റ് കുടുംബങ്ങൾക്കും പട്ടയം ലഭിക്കും. ഇതിനൊപ്പം പള്ളിച്ചൽ, കാഞ്ഞിരംകുളം, കോട്ടുകാൽ, അതിയന്നൂർ, പെരുങ്കടവിള വില്ലേജുകളിലെ 13 കുടുംബങ്ങൾക്ക് കൈവശ രേഖയും വിതരണം ചെയ്യുമെന്ന് നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാർ അറിയിച്ചു.